ദുബൈ: പ്രവാസികള്‍ക്കും ഇനി യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) സംവിധാനം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് അവരുടെ എന്‍ ആര്‍ ഐ എക്കൗണ്ടുകള്‍ ഇന്ത്യയിലെ യു പി ഐ സംവിധാനവുമായി ബന്ധപ്പെടുത്തി വിവിധ പണമിടപാടുകള്‍ നടത്താം. യു പി ഐയുടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണം ഡിജിറ്റലായി കൈമാറാനാവും. നാളിതുവരെ ഇന്ത്യന്‍ ഫോണ്‍ നമ്പറുകളില്‍ നിന്ന് മാത്രമായിരുന്നു യു പി ഐ വഴി പണമിടപാട് നടത്താന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ പുതിയ സംവിധാനത്തിലൂടെ വിദേശ നമ്പറുകളുമായും എന്‍ ആര്‍ ഐ അക്കൗണ്ടുമായും യു പി ഐ ബന്ധിപ്പിക്കാം. ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാന്‍ റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ യു എ ഇ, ഒമാന്‍, ഖത്തര്‍, സൗദി എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുകയെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യു പി ഐ ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കുക. സിങ്കപ്പൂര്‍, ആസ്‌ത്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യു എസ് എ, സൗദി അറേബ്യ, യു എ ഇ, യു കെ എന്നിവയാണ് ഈ രാജ്യങ്ങള്‍. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. അതിന് മുന്നോടിയായാണ് യു പി ഐ സംവിധാനം വിദേശികള്‍ക്കും പ്രവാസികള്‍ക്കും തുറന്നു കൊടുക്കുന്നത്. പ്രവാസികള്‍ക്ക് ലഭിക്കുന്ന പോലെ എല്ലാ സ്ഥലത്തും യു പി ഐ സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കില്ല. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബംഗളൂരു, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ ഇറങ്ങുമ്പോള്‍ സേവനം ലഭ്യമാവും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേര്‍ന്നു രൂപം നല്‍കിയ ദേശീയ പേയ്‌മെന്റ് കോര്‍പറേഷനാണ് യു പി ഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്.