രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ നാലാം ദിനമായ തിങ്കളാഴ്ച 15 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 61 ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തും.

Eranakulam

നാളെ മേളയുടെ നാലാം ദിനത്തില്‍ 15 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 61 ചിത്രങ്ങള്‍

കൊച്ചി: നാലു പതിറ്റാണ്ടുകളായി ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ശ്രദ്ധേയനായ സംവിധായകനും ഛായാഗ്രാഹകനുമായ ആര്‍ വി രമണിയുടെ 4 ചിത്രങ്ങള്‍ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ചെന്നൈയിലെ സര്‍ക്കാര്‍ റിമാന്‍ഡ് ഹോമിലെ കുട്ടികളുടെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമായ മേരാ ഗാവോം ഹേ ബാംബൈ, 2004ല്‍ തമിഴ്‌നാട് തീരത്തടിച്ച സുനാമി ക്യാമറയില്‍ പകര്‍ത്തിയ അനുഭവങ്ങളുടെ കഥ പറയുന്ന മൈ ക്യാമറ ആന്‍ഡ് സുനാമി, ദി ഷോ ഈസ് ഓള്‍റെഡി ഓണ്‍, എന്‍ കണ്ണേയ് എന്നിവയാണ് ചിത്രങ്ങള്‍.

എംടി വാസുദേവന്‍ നായരുടെ ജീവിതത്തിന്റെ പ്രതിഫലനമായി കെ.പി കുമാരന്‍ ഒരുക്കിയ എ മൊമെന്റസ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി, ചരിത്രത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന 9 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ദീപ ധന്‍രാജ് ചിത്രം യങ് ഹിസ്‌റ്റോറിയന്‍സ് എന്നിവയും ശ്രദ്ധേയ ചിത്രങ്ങളാണ്. കാന്‍സ് ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ സംവിധായിക ഷേര്‍ലി എബ്രഹാമിന്റെ ദി സിനിമ ട്രാവലേഴ്‌സ് ജൂറി ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

കല, ചലച്ചിത്ര രംഗത്തെ പ്രമുഖ കലാകാരന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ നവ്‌റോസ് കോണ്‍ട്രാക്റ്ററേയും ചന്ദിത മുഖര്‍ജിയേയും ആദരിക്കും. നവ്‌റോസ് കോണ്‍ട്രാക്ടര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച് സഞ്ജീവ് ഷാ സംവിധാനം ചെയ്ത ലവ് ഇന്‍ ദ ടൈം ഓഫ് മലേറിയ, ഡോക്യൂമെന്ററി സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ചന്ദിത മുഖര്‍ജി സംവിധാനം ചെയ്ത ടോട്ടനാമ, ഡിസ്‌പ്ലേസ്‌മെന്റ് ആന്‍ഡ് റെസിലിയന്‍സ്, അനതര്‍ വേ ഓഫ് ലേണിങ്, ബഹുത് ഖൂബ് ഹേ എന്നീ നാല് ചിത്രങ്ങളും സ്‌ക്രീനിലെത്തും.

വിവിധ രാജ്യാന്തര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും അന്താരാഷ്ട്ര വിഭാഗത്തിലെ 5 ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകും.

കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള 8 ചിത്രങ്ങള്‍ ക്യാംപസ് ഫിലിംസ് വിഭാഗത്തിലും ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട് ഫിക്ഷന്‍, മലയാളം ഷോര്‍ട് ഡോക്യുമെന്ററി, മലയാളം ഷോര്‍ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി 18 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.