തൃശൂര്‍: മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും വന്ന പ്രവാസി ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയിലാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതി ഉണ്ണികൃഷ്ണന്‍ (50) പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പ്രതിയായ ഉണ്ണികൃഷ്ണന്‍ കൃത്യത്തിന് ശേഷം വിയ്യൂര്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുമായി വീട്ടിലെത്തിയ പൊലീസിന് മൊഴി സത്യമെന്ന് ബോധ്യപ്പെട്ടു. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്റെ ഭാര്യ സുലി. ചെറിയ അനക്കം കണ്ടതോടെ സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടക്കുന്ന സമയം സുലിയുടെ മകന് വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയതോടെയാണ് സംഭവം അറിയുന്നത്.
ഉണ്ണികൃഷ്ണനും സുലിയും കുറച്ചുകാലം മുമ്പാണ് കല്ലടിമൂലയിലേക്ക് താമസം മാറുന്നത്. പാടത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ പെട്ടന്നാരുടെയും ശ്രദ്ധയെത്താത്ത സ്ഥലമാണിവിടം. ഉണ്ണിക്കൃഷ്ണന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.