ഹരിയാനയിലെ ബുള്‍ഡോസര്‍ ഭീകരത അവസാനിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ ഭേദഗതി പിന്‍വലിക്കണം: കെ എന്‍ എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട്: ഹരിയാനയിലെ മുസ്ലിം ജനവിഭാഗത്തിന്റെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ജീവിതോപാധികളും അന്യായമായി തകര്‍ക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ ഭീകരത അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ട്രപതിയോടാവശ്യപ്പെട്ടു. രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിച്ച് എല്ലാം ഇടിച്ചു തകര്‍ക്കുന്ന സംഘ്പരിവാര്‍ ഭരണകുട ഭീകരതക്ക് കടിഞ്ഞാണിടാന്‍ ജുഡീഷ്യറിക്ക് ബാധ്യതയുണ്ട്. അകാരണമായി പിടിച്ചു കൊണ്ടുപോയി തടവില്‍ പാര്‍പിച്ച മുസ്ലിം പുരുഷന്‍മാരെ അടിയന്തിരമായി വിട്ടയക്കണം. വീടും വ്യാപാര സ്ഥാപനങ്ങളും ജീവിതോപാധികളും തകര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.

നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പിയുടെ ചട്ടുകമാക്കി മാറ്റുന്ന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് കെ. എന്‍. എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു. നീതിപൂര്‍വകമായി തെരഞ്ഞെടുപ്പ് നടത്താന്‍ പരമോന്നത നീതിപീഠം മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞ് ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കായി തെരഞ്ഞെടുപ്പ്കമ്മിഷനെ നരേന്ദ്രമോദി സര്‍ക്കാറിന്റെ രാഷ്ട്രിയ ആയുധമാക്കുകയാണ് നിയമ ഭേദഗതിയിലൂടെ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ പൂര്‍ണമായും തകര്‍ത്ത് ജനാധിപത്യ വ്യവസ്ഥയുടെ അടിവേരറുക്കുന്ന നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു.

വൈസ് പ്രസിഡണ്ട് അഡ്വ പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. അനസ് കടലുണ്ടി, ബിപിഎ ഗഫൂര്‍, എഞ്ചി. സൈദലവി, ഡോ. ഐ പി അബ്ദുസ്സലാം, കെ.എം. ഹമീദലി ചാലിയം, എഞ്ചി. അബ്ദുല്‍ ജബ്ബാര്‍ മംഗലത്തെയില്‍,ഡോ ജാബിര്‍ അമാനി, ഡോ. ഇസ്മാഈല്‍ കരിയാട്, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, കെ എല്‍.പി ഹാരിസ്, പ്രൊഫ കെ പി സകരിയ്യ, സി. മമ്മു കോട്ടക്കല്‍, എം എം ബഷീര്‍ മദനി, എം കെ മൂസ മാസ്റ്റര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, പി പി ഖാലിദ്, പി. സുഹൈല്‍ സാബിര്‍ ,കെ എ സുബൈര്‍ അരൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ആദില്‍ നസീഫ് മങ്കട, ഡോ. അന്‍വര്‍ സാദത്, വിസി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.