ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരം: തൃശൂരിലെ ഏഹം ബിച്ച ഒരു ലക്ഷം രൂപയുടെ ഓവറോള്‍ ചാമ്പ്യന്‍

Kerala

പാലാ: ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ഓര്‍മ്മ ടാലന്റ് പ്രെമോഷന്‍ ഫോറം അന്താരാഷ്ട്രാ തലത്തില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ഗ്രാന്റ് ഫിനാലെ തല്‍സമയ മത്സരത്തില്‍ തൃശൂര്‍ ജില്ലയിലെ പെരിമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഏഹം ബിച്ച ഓവറോള്‍ ചാമ്പ്യനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് സമ്മാനം. മലയാളം വിഭാഗത്തില്‍ കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നൈനു ഫാത്തിമ, കൂത്താട്ടുകുളം മേരിഗിരി പബ്‌ളിക് സ്‌കൂളിലെ റബേക്ക ബിനു ജേക്കബ്, ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലീനു കെ ജോസ് എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇംഗ്ലീഷ് വിഭാഗത്തില്‍ ഇടുക്കി പുളിയന്മല കാര്‍മ്മല്‍ പബ്‌ളിക് സ്‌കൂളിലെ നോയ യോഹന്നാന്‍, എറണാകുളം സെന്റ് തെരേസാസ് കോളജിലെ നിഖിത അന്ന പ്രിന്‍സ്, പാലക്കാട്ട് കാണിക്കമാത കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശ്രീയാ സുരേഷ് എന്നിവര്‍ ഒന്നുമുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി. ഇരു വിഭാഗങ്ങളിലും ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടിയവര്‍ക്കു യഥാക്രമം 50000, 25000, 15000 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്പവും സമ്മാനിച്ചു.

4 മുതല്‍ എട്ടുവരെ സ്ഥാനങ്ങള്‍ നേടിയവര്‍ക്കു 5000 രൂപ വീതവും 4 പേര്‍ക്കു 3000 രൂപ വീതവും 3 പേര്‍ക്കു രണ്ടായിരം രൂപ വീതവും സമ്മാനിച്ചു. 492 പേര്‍ പങ്കെടുത്ത ഒരു വര്‍ഷം നീണ്ടു നിന്ന പ്രസംഗ പരമ്പര മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടത്തിയത്. പാലായില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഫിനാലെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 26 പേരാണ് പങ്കെടുത്തത്. മത്സരത്തിനുശേഷം സമ്മാന വേദിയില്‍ വച്ച് ചലച്ചിത്ര സംവീധായകന്‍ സിബി മലയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എല്‍ എ, ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, മുന്‍ ഡി ജി പി ബി സന്ധ്യ, ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍, പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ജോസ് ആറ്റുപുറം, ഷാജി ആറ്റുപുറം, ഓര്‍മ്മ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.