ഒരേ വേദിയില്‍ എട്ട് ഭാഷകളില്‍ ദേശഭക്തി ഗാനവുമായി ചാലപ്പുറം ഗണപത് സ്‌കൂള്‍

Kozhikode

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ഒരു വേദിയില്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഏഴ് ഗാനമവതരിപ്പിച്ച് ചരിത്ര നിമിഷമാക്കാനുള്ള ഒരുക്കത്തിലാണ് ചാലപ്പുറത്തെ ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, ബംഗാളി, മലയാളം ഭാഷകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനം ആലപിക്കുന്നവരില്‍ ഈ ഭാഷക്കാരായ വിദ്യാര്‍ഥിനികള്‍ ഉണ്ടെന്നതും മറ്റൊരു വലിയ സവിശേഷതയാണ്. 1800 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മെഗാ ദേശഭക്തി ഗാനത്തിന് ‘ഇന്ത്യ രാഗ് 2023’ എന്നാണ് പേരിട്ടിരിക്കുന്നത്. ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ ‘ഇന്ത്യ രാഗ്’ ആലപിക്കും. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മിടുക്കികളാണ് പാടുക.

സ്‌കൂളിലെ സംഗീതാധ്യാപികയായ മിനി ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമാണ് ഇതിലൂടെ പൂവണിയുന്നത്. പല പരിപാടികളിലും പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികളുടെ ദുഃഖം മനസ്സിലാക്കി അവരെയെല്ലാം കോര്‍ത്തിണക്കാനുള്ള ശ്രമത്തിലായിരുന്നു ടീച്ചര്‍. ഡെപ്യൂട്ടി എച്ച്.എം ഇ പി സജിത്, അധ്യാപിക തനൂജ എന്നിവര്‍ ടീച്ചര്‍ക്കൊപ്പം നിന്നു. പ്രിന്‍സിപ്പല്‍ മധു എ.കെ, എച്ച്.എം ഉമ്മുകുല്‍സു കെ.ടി, മറ്റ് അധ്യാപകര്‍ എന്നിവരുടെ പൂര്‍ണ പിന്തുണയും ലഭിച്ചതോടെയാണ് പരിപാടി യാഥാര്‍ഥ്യമാകുന്നത്.

ഗാനത്തിന് സംഗീതജ്ഞരായ ഡൊമിനിക് മാര്‍ട്ടിന്‍ (കീബോര്‍ഡ്), ശശികൃഷ്ണ (ബേയ്‌സ് ഗിറ്റാര്‍), സോമന്‍ (ലീഡ് ഗിറ്റാര്‍) പീതാംബരന്‍ (റിഥം പാഡ്) എന്നിവരാണ് തത്സമയ പശ്ചാത്തല സംഗീതം നല്‍കുന്നത്.