താമരശ്ശേരി ചുരത്തില്‍ പ്രകൃതി പഠനമഴയാത്ര നടത്തി

Kozhikode

കോഴിക്കോട്: വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകളുടെയും പ്രകൃതി പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ താമരശ്ശേരി ചുരത്തില്‍ നടക്കുന്ന മഴ യാത്രയുടെ പതിനെട്ടാം വാര്‍ഷികം കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നടന്നു. മഴ നനയാം പ്രകൃതിയെ അറിയാം എന്ന സന്ദേശമെഴുതിയ നൂറ് കണക്കിന് പ്ലക്കാര്‍ഡുകളുമായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നൂറിലധികം വിദ്യാലയങ്ങളില്‍ നിന്ന് 2864 വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരും പ്രകൃതി പഠന യാത്രയില്‍ പങ്കാളികളായി.

ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് അങ്കണത്തില്‍ രാവിലെ പത്ത് മണിക്ക് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി ഉദ്ഘാടനം ചെയ്തു. പുതു പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷറീഫ് അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറക്കല്‍, ദര്‍ശനം വനിത വേദി ജോയിന്റ് കണ്‍വീനര്‍ എം എന്‍ രാജേശ്വരി, ദര്‍ശനം ബാലവേദി മെന്റര്‍ പി ജസലുദീന്‍, ഗ്രീന്‍ കമ്യുണിറ്റി ചെയര്‍മാന്‍ ഷൗക്കത്തലി ഏറോത്ത് എന്നിവര്‍ പ്രസംഗിച്ചു. മഴയാത്ര കോര്‍ഡിനേറ്റര്‍ പി രമേഷ് ബാബു പരിസ്ഥിതിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്‍ത്ഥന്‍ സ്വാഗതവും കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ നന്ദിയും പറഞ്ഞു.

കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി ചെയര്‍മാന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ ചുരം വ്യൂ പോയിന്റില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്രയിലുടനീളം സഞ്ചരിച്ച് താമരശ്ശേരി ചുരത്തിന്റെ ജൈവ വൈവിധ്യത്തെ പറ്റി നാടന്‍ പാട്ടുകളിലൂടെയും കവിതകളിലൂടെയും ആര്‍ട്ടിസ്റ്റ് ശ്രീനി പാലേരി സര്‍ഗ്ഗാത്മക സാന്നിധ്യം അറിയിച്ചു. കൊയിലാണ്ടി നഗരസഭ സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ കെ കെ വിബിനയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ബാലസഭയിലെ 44 വിദ്യാര്‍ത്ഥികളും 10 പ്രവര്‍ത്തകരും മഴയാത്രയില്‍ അണിനിരന്നു. 151 വിദ്യാര്‍ത്ഥികളെ പങ്കെടുപിച്ച മെഡിക്കല്‍ കോളേജ് കാമ്പസ് ഗവ.ഹൈസ്‌കൂള്‍ ദര്‍ശനം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ സിജേഷ് എന്‍ ദാസ് സ്മാരക ട്രോഫിക്ക് അര്‍ഹരായി. 75 വിദ്യാര്‍ത്ഥികളുമായി എത്തിയ മാക്കൂട്ടം എ എം യു പി സ്‌കൂള്‍ രണ്ടാം സ്ഥാനവും 68 കുട്ടികളുമായി എത്തിയ പന്നിക്കോട്ടൂര്‍ എ എം യു പി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അധ്യാപകര്‍ക്ക് തത്സമയ ഫോട്ടോഗ്രാഫി മത്സരവും ഉണ്ടായി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, വിദ്യാലയ എക്കോ ക്‌ളബ്ബുകള്‍, കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി, ദേശീയ ഹരിത സേന, കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, പുതുപ്പാടി ഗ്രാമ പഞ്ചായത്ത്, ചുരം സംരക്ഷണ സമിതി, പോലീസ് വനം വകുപ്പുകള്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ എന്നിവ പരിപാടി വിജയിപ്പിക്കാന്‍ രംഗത്തുണ്ടായി. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് 2 മണിക്കൂറിന് ശേഷം തകരപ്പാടിയില്‍ വച്ച് യാത്ര അവസാനിപ്പിച്ചു.