കോഴിക്കോട്: 2023-24 വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് പൊതുവേ സ്വാഗതാര്‍ഹമാണെന്നും വികസനത്തിന് ഊന്നല്‍ കൊടുത്തിട്ടുള്ള ഒരു ബഡ്ജറ്റ് ആണെന്നും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വിലയിരുത്തി. 15 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവച്ചത് സാധാരണക്കാരായ ജനങ്ങളിലേക്ക് പണം എത്തിക്കാനുള്ള ഒരു ഉപാധിയാണ് റെയില്‍വേ വികസനത്തിന് നീക്കി വച്ച 2.4 ലക്ഷം കോടി രൂപയില്‍ കേരളത്തിന് വന്ദേഭാരത് ട്രെയിനും കൂടാതെ ട്രെയിനിന്റെ വേഗത കൂട്ടാന്‍ റെയില്‍പാള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യമായ തുക ഉള്‍പ്പെടുത്തു മെന്നും പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
സ്ത്രീ ശാക്തീകരണത്തിന് നീക്കിവച്ച ബഡ്ജറ്റ് വിഹിതം കേരളത്തിന് ഏറ്റവും ഉപകാരപ്രദമാവുമെന്നും എയിംസ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെകിലും പോസ്റ്റ് ബഡ്ജറ്റില്‍ വരും എന്ന് പ്രതീക്ഷിക്കാമെന്ന് ചേംബര്‍ ഭാരവാഹികള്‍ അഭ്യുപ്രായപ്പെട്ടു. ആദായ നികുതിയില്‍ ഇളവ് വരുത്തിയത്, സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. 75000 കോടി രൂപ പൊതു ഗതാഗതത്തിനു വേണ്ടി മാത്രം മാറ്റി വച്ചത് കേരളത്തിന് അനുകൂലമാകുമെന്നും ചേംബര്‍ വിലയിരുത്തി.
എം എസ് എം ഇ ക്രഡിറ്റ് ഗ്യാരണ്ടി സ്‌കീം അനുവദിച്ചതും അടിസ്ഥാന വികസനത്തിന് മുന്‍ഗണന നല്‍കിയതും , നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആംനെസ്റ്റി പദ്ധതി നടപ്പാക്കിയതും കസ്റ്റംസ് തീരുവ 21 നിന്ന് 13 ശതമാനമാക്കി കുറച്ചതും സ്വാഗതാര്‍ഹമാണ്. സ്വര്‍ണ്ണവില വര്‍ധന നികുതി വെട്ടിപ്പിനുള്ള സാധ്യത കൂട്ടും. കേന്ദ്രം ഉദ്ദേശിക്കുന്ന 20 നൈപുണ്യ വികസനകേന്ദ്രത്തില്‍ ഒന്ന് കേരളത്തില്‍ അനുവദിച്ച് തരണമെന്ന് ചേംബര്‍ അഭ്യര്‍ത്ഥിച്ചു.
ബഡ്ജറ്റ് അവലോകന യോഗത്തില്‍ ചേംബര്‍ പ്രസിഡണ്ട് റാഫി പി ദേവസ്സി, ഹോ: സെക്രട്ടറി എ പി അബ്ദുള്ളകുട്ടി, മുന്‍ പ്രസിഡണ്ട് സുബൈര്‍ കൊളക്കാടന്‍, മുന്‍ പ്രസിഡന്റ് ടി പി അഹമ്മദ് കോയ, വൈസ് പ്രസിഡന്റ് എന്‍ കെ നാസര്‍, ട്രഷറര്‍ ബോബിഷ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.