മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സിന് പരാതി

Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ വിജിലന്‍സിന് പരാതി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. മാസപ്പടി വിവാദത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഗിരീഷ് ബാബു പറഞ്ഞു. മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണമെന്നും കൊച്ചിയിലെ സി എം ആര്‍ എല്‍ കമ്പനി പണം നല്‍കിയ രാഷ്ടീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സ്വകാര്യ കമ്പനിയില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ ലഭിച്ചെന്നായിരുന്നു ആരോപണം. ഒരു സേവനവും നല്‍കാതെയാണ് പണം വാങ്ങിയതെന്നും ബാങ്ക് മുഖേനയാണ് പണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.