റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാമ്പിലേക്ക് മാറ്റി

Kerala

പത്തനംതിട്ട: റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തുന്നെന്നാരോപിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വന്‍ പൊലീസ് സന്നാഹത്തോടെ എത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ റോബിന്‍ ബസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി.

അതേസമയം ഇന്ന് പുലര്‍ച്ചെയും 7,500 രൂപ ബസിന് പിഴ ചുമത്തിയിരുന്നു. എരുമേലിക്ക് സമീപത്തുവച്ചായിരുന്നു ഇന്നു രാവിലെ ബസ് തടഞ്ഞ് പിഴ ചുമത്തിയത്. പെര്‍മിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടര്‍ വാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി അനുകൂലമെന്ന ഉടമയുടെ വാദം തെറ്റാണെന്നാണ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

ഇതിനു പുറമെ നിയമലംഘത്തിന് ആഹ്വാനം ചെയ്ത വ്‌ലോഗര്‍മാര്‍ക്കെതിരെയും നടപടിക്ക് നീക്കമുണ്ട്. ഇതേസമയം കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്യായമെന്ന് ബസ് നടത്തിപ്പുകാര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം മോട്ടര്‍ വാഹന വകുപ്പിന്റെ തടസ്സങ്ങളില്ലാതെയാണ് റോബിന്‍ ബസ് പത്തനംതിട്ട–കോയമ്പത്തൂര്‍ സര്‍വീസ് നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ബസില്‍ യാത്ര ചെയ്യാനായി എത്തിയിരുന്നു.