ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ പി എന്‍ പണിക്കര്‍ പുരസ്‌കാരം ദര്‍ശനം സാംസ്‌കാരിക വേദിക്ക്

Kozhikode

കോഴിക്കോട്: അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ഇന്ത്യക്കാരുടെ സാംസ്‌കാരികക്ഷേമ സംഘടനയായ ഗ്‌ളോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ പി എന്‍ പണിക്കരുടെ നാമധേയത്തിലുളള നൂതനാശയ പുരസ്‌കാരം കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദര്‍ശനം സാംസ്‌കാരികവേദിക്ക് പ്രഖ്യാപിച്ചു. 50000 രൂപയുടെ പുസ്തകങ്ങള്‍, പ്രശസ്തി പത്രം, ഗുരുകുലം ബാബു രൂപകല്പന ചെയ്ത വെങ്കലശില്പം എന്നിവ ആഗസ്റ്റ് 20ന് അളകാപുരിയില്‍ നടത്തുന്ന ഗ്‌ളോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ നോര്‍ത്ത് കേരള ചാപ്റ്റര്‍ ഉദ്ഘാടന സമ്മേളനത്തില്‍ നല്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരള മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജുനാഥ് പുരസ്‌കാരസമര്‍പ്പണം നടത്തും. ഗ്‌ളോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ആഗോള പ്രസിഡന്റ് പ്രൊഫ. കെ പി മാത്യു (ടെക് സാസ്, അമേരിക്ക) മുഖ്യാതിഥി ആകും. കോവിഡ് കാലത്ത് വായനശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍, ലോകമാസകലമുള്ള ജനത മുറികള്‍ക്കുള്ളിലേക്ക് ഒതുങ്ങിയപ്പോള്‍, അവരെ ഒറ്റപ്പെടലില്‍ നിന്ന് മോചിപ്പിക്കാനും മാനസികമായി ഉത്തേജിപ്പിക്കാനുമാണ് 2020 ആഗസ്റ്റ് 15ന് ദര്‍ശനം ഓണ്‍ലൈന്‍ വായന മുറിക്ക് രൂപം നല്കിയത്.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരമാവധി 30 മിനിട്ട് കൊണ്ട് വായിച്ചു തീര്‍ക്കാവുന്ന കഥകള്‍, നോവലിന്റെ ഒരധ്യായം, കവിതകള്‍, സിനിമാ പഠനങ്ങള്‍, ലേഖനങ്ങള്‍, യാത്രാ വിവരണങ്ങള്‍, ഓര്‍മ്മ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള രചനകള്‍ സ്മാര്‍ട്ട് ഫോണില്‍ പ്രതിദിന വായനക്ക് സൗജന്യമായി നല്കും. രചനകളെ ആസ്പദമാക്കി 10 ല്‍ കവിയാത്ത ചോദ്യങ്ങളും ശരിയുത്തരങ്ങള്‍ നല്കുന്ന തദ്ദേശീയരും വിദേശമലയാളികള്‍ക്കും ഉള്‍പ്പടെ പ്രമുഖ എഴുത്തുകാര്‍ കയ്യൊപ്പു ചാര്‍ത്തിയ പുസ്തകങ്ങള്‍ സമ്മാനമായി നല്കും.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവുവന്നുവെങ്കിലും സ്മാര്‍ട് ഫോണില്‍ പ്രശസ്തരുടെയും പുതു തലമുറ എഴുത്തുകാരുടെ യും രചനകള്‍ വായനക്ക് ലഭ്യമാകുന്ന സംവിധാനം തുടരണമെന്നാണ് വിദേശ മലയാളികള്‍ ഉള്‍പ്പടെ ആവശ്യപ്പെടുന്നത്. പതിനായിരം രൂപയുടെ രക്ഷാധികാരി അംഗത്വവും 25000 രൂപയുടെ മുഖ്യ രക്ഷാധികാരി അംഗത്വവും എടുക്കുന്ന വായനക്കാരുടെ സഹകരണത്തോടെ സമ്മാന പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള ഭാരിച്ച ചെലവുകള്‍ നിര്‍വ്വഹിക്കുന്നു. തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷന്റെ സാങ്കേതിക പിന്തുണയും പ്രധാന പ്രസാധകരുടെയും എല്ലാ മുതിര്‍ന്ന സാഹിത്യകാരന്‍മാരുടെയും ഉറച്ച പിന്തുണയോടെയാണ് സമാനതകളില്ലാത്ത ഈ സംരംഭം മുന്നേറുന്നത്. ഓണ്‍ലൈന്‍ വായന മുറിക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം തന്നെ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് ഗ്‌ളോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ നോര്‍ത്ത് കേരള ചാപ്റ്ററിന് അഭിമാനമുണ്ടെന്ന് പ്രസിഡന്റ് പ്രൊഫ. വര്‍ഗീസ് മാത്യു, സംഘാടകസമിതി ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ നിയമോപദേശകന്‍ അഡ്വ. ജലീല്‍ ഓണാട്ട്, നിര്‍വ്വാഹകസമിതി അംഗം മുരളി ബേപ്പൂര്‍ എന്നിവരും പങ്കെടുത്തു.