നിരൂപകന്മാര്‍ പോലും നോവലെഴുതുന്ന കാലമാണിതെന്ന് സാഹിത്യകാരന്‍ കെ പി രാമനുണ്ണി

Kozhikode

കോഴിക്കാട്: നിരൂപകന്മാര്‍ പോലും നോവലെഴുതുന്ന ഒരു കാലമാണിതെന്ന് സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. കാരണം വിപണിയില്‍ ഇന്ന് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നത് നോവലാണ്. വിപണിയുടെ സമ്മര്‍ദ്ദമാണിതിനൊരു കാരണം. മറ്റു ഭാഷകളില്‍ പൊതുവെ ഒരു സാഹിത്യരൂപത്തില്‍ മാത്രം എഴുത്തുകാര്‍ ഒതുങ്ങി നില്ക്കുകയില്ല. മലയാളത്തിലും ഇങ്ങനെ ഇത്തരം മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ലിപി ബുക്‌സ് പുറത്തിറക്കിയ ലതാലക്ഷ്മിയുടെ കവിതാ സമാഹാരമായ വ്രണിത പ്രണയിത അളകാപുരിയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു രാമനുണ്ണി. കഥാകാരിയായിരിക്കുമ്പോഴും കവിത മനസ്സില്‍ സൂക്ഷിച്ച എഴുത്തുകാരിയാണ് ലതാ ലക്ഷ്മി. ഇവരുടെ കഥയിലൂടെ സഞ്ചരിക്കുമ്പോള്‍ പോലും അനിവാര്യമായും ഒരു കവിയായി വരുന്ന കഥാകാരിയുടെ മനസ്സുള്ള സാഹിത്യകാരിയാണ് ലതാലക്ഷ്മി. സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞ ഫെമിനിസ്റ്റ് കവിയാണിവര്‍. സ്‌ത്രൈണഭാവം കൈയ്യൊഴിയാതെ തന്നെ സ്ത്രീത്വത്തെ കണ്ടെത്തുകയാണ് വേണ്ടത്. റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ പോലും ഇതു കൊണ്ടാണ് പശ്ചാത്യ രാജ്യങ്ങളില്‍ ആര്‍ത്തവമടക്കമുള്ളവയെ ആഘോഷിക്കുന്ന തെന്നും രാമനുണ്ണി പറഞ്ഞു. കവിതാ സമാഹാരം പ്രമുഖ നോവലിസ്റ്റ് ഷീലാ ടോമി ഏറ്റുവാങ്ങി. ദര്‍ശനം സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടന്ന പ്രകാശനച്ചടങ്ങില്‍ കവി പി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

കെ.രേഷ്മ (കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ), കെ. നജ്മ ( കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ലതാ ലക്ഷ്മി മറുമൊഴി നടത്തി. ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥിനികളായ എസ്. ദേവഗംഗ, അയന ബാല ഗോപാല്‍ എന്നിവര്‍ വ്രണിത പ്രണയിനിയില്‍ നിന്നുള്ള കവിതകള്‍ ആലപിച്ചു. ദര്‍ശനം ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ടി.കെ. സുനില്‍കുമാര്‍ സ്വാഗതവും സെക്രട്ടറി എം.എ. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.