കോഴിക്കോട്: സത്യജിത് റേയുടെയും ഘട്ടക്കിന്റെയും അടൂരിന്റെയുമൊക്കെ സിനിമകളുടെ സ്ഥാനത്ത് യാതൊരു നിലവാരവുമില്ലാത്ത സിനിമ ഗോവ ചലച്ചിത്രോത്സവത്തില്‍ കയറി വന്നതിനെ വിമര്‍ശിക്കാന്‍ ഒരു ഇസ്രായേല്‍ ചലച്ചിത്രകാരന്‍ തന്നെ വേണ്ടി വന്നുവെന്നത് അന്തരാഷ്ട്ര തലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി പറഞ്ഞു.
കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദി യുടെ രജത ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവില്‍ നിന്നും തൂലികയില്‍ നിന്നും സിനിമയില്‍ നിന്നുമെല്ലാം വിഷം പുറത്തേക്ക് വമിച്ചു കൊണ്ടിരിക്കുന്ന ഒരു സമയത്ത്, ഇതിനെതിരെയുള്ള സാംസ്‌കാരികപ്രവര്‍ത്തനത്തിന്റെ പ്രസക്തി ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ പറയുന്നതേ നിങ്ങള്‍ വായിക്കാവൂ, ഞങ്ങള്‍ കാണുവാന്‍ സമ്മതിച്ചതേ നിങ്ങള്‍ കാണുവാന്‍ പാടുള്ളൂവെന്ന രീതിയില്‍ ഫാഷിസം എല്ലാ രീതിയിലും നമുക്ക് നേര്‍ക്ക് കടന്നു വരുമ്പോള്‍ സാംസ്‌കാരിക കൂട്ടായ്മകളുടെ പ്രസക്തി കൂടുകയായണെന്നും ദര്‍ശനം സാംസ്‌കാരികവേദി പോലുള്ളവയുടെ പ്രവര്‍ത്തനം ഏറെ ശ്‌ളാഘനീയമാകുന്നതി തു കൊണ്ടാണെന്നും ബേബി പറഞ്ഞു. അന്ധകാരവും സാമൂഹ്യവിരുദ്ധതയുമെല്ലാം ഇന്ന് പഴയതിനെക്കാള്‍ കൂടുതല്‍ ശക്തമായി ഫണം വിടര്‍ത്തിയാടുകയാണ്. ഈ സമയത്ത് നമുക്ക് വരദാനമായി കിട്ടിയ ജീവിതം നമ്മള്‍ എങ്ങനെയാണ് ശരിക്കും ഉപയോഗിക്കുന്നതെന്ന് ഏറെ ആലോചിക്കേണ്ട സമയം കൂടിയാണിത്.
നമ്മള്‍ ഒന്ന് എന്ന സന്ദേശം വിളിച്ചു പറയുന്ന പ്രാദേശിക കൂട്ടായ്മകളുടെ പ്രസക്തി ഏറെയാണെന്നും
അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പു ക സ ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ലതാ ലക്ഷ്മിയുടെ ചെമ്പരത്തി എന്ന കഥാ സമാഹാരത്തിന്റെ വിമര്‍ശനപഠനം ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. കെ.പി. മോഹനന്‍, കൊടുവള്ളി ഗവ. കോളേജിലെ ഡോ. കെ.മഞ്ജു എന്നിവര്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് അഡ്വ. പി എന്‍ ഉദയഭാനു, ടി വി ലളിത പ്രഭ, ഡോ. ഏ കെ അബ്ദുള്‍ ഹക്കീം, അനിമോള്‍, കെ സുരേഷ് കുമാര്‍, മനോഹര്‍ തോമസ്, എം എ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എന്‍ പി രാജേന്ദ്രന്‍, ലതാലക്ഷ്മി, കുമാരി അശ്വതി രാമന്‍, കെ കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് കവി പി കെ ഗോപി ദര്‍ശനം രക്ഷാധികാരി അംഗത്വ ഫലകം നല്കി.
പ്രസിഡന്റ് ടി കെ സുനില്‍കുമാര്‍ സ്വാഗതവും കണ്‍വീനര്‍ സുധി നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് ലതാലക്ഷ്മിയുടെ അഞ്ച് രചനകള്‍ക്ക് പ്രമുഖ ചിത്രകാരന്മാരായ കബിത മുഖോപാദ്ധ്യായ, ഫ്രാന്‍സിസ് കോടങ്കണ്ടത്ത് കെ സുധീഷ് , ജോസഫ് എം വര്‍ഗീസ്, സുനില്‍ അശോകപുരംയ എന്നിവര്‍ തയ്യാറാക്കിയ ചിത്രീകരണം എം എ ബേബി ഏറ്റുവാങ്ങി. ലതാ ലക്ഷ്മി മറുപടി പ്രസംഗവും നടത്തി.