മിച്ചഭൂമി കേസ് അട്ടിമറിക്കാന്‍ ശ്രമം: പി വി അന്‍വറിന് നോട്ടീസ്

Kerala

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എ രേഖകള്‍ ഹാജരാക്കാത്തത് മിച്ച ഭൂമി കേസ് നീണ്ടുപോകാന്‍ ഇടയാക്കുന്നുവെന്ന് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ്. ഒരാഴ്ചക്കകം ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ നോട്ടീസ് അയച്ചു.
അന്‍വറിന്റെയും കുടുംബത്തിന്റെയും ഭൂമി 31.26 ഏക്കറായി കണ്ടെത്തി ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് അധികമായി കൈവശം വെക്കുന്ന 19.26 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്. ജനുവരി 10നകം ഭൂരേഖകള്‍ ഹാജരാക്കാന്‍ ലാന്റ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും രേഖകള്‍ ഹാജരാക്കിയിരുന്നില്ല.

പരാതിക്കാരന്‍ ഹാജരാക്കിയ രേഖകളും ജില്ലാ രജിസ്ട്രാര്‍മാര്‍ മുഖേന ലഭിച്ച രേഖകളും പരിശോധിച്ചതില്‍ പി വി അന്‍വറും ആദ്യ ഭാര്യ ഷീജയും മക്കളും ഉള്‍പ്പെടുന്ന സ്റ്റാറ്റിയൂട്ടറി ഫാമിലി ഭൂപരിഷ്‌ക്കരണ നിയമം സെക്ഷന്‍ 87 (1) പ്രകാരം 2007 മാര്‍ച്ച് 23ന് തന്നെ കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി കടന്നതായും ലാന്റ് ബോര്‍ഡ് കണ്ടെത്തി.

ഇന്ന് താമരശേരി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന ലാന്റ് ബോര്‍ഡ് സിറ്റിങ്ങില്‍ ഓഥറൈസ്ഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തല്‍. 2021 ജൂലൈ 29ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കരട് പട്ടികപ്രകാരം 22.82 ഏക്കര്‍ ഭൂമിയെന്ന് നിജപ്പെടുത്തിയായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള ഭൂമിയുടെ അളവ് 31.26 ഏക്കറായി ഉയര്‍ന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്‍വറിന്റെ സ്റ്റാറ്റിയൂട്ടറി ഫാമിലിയുടെ കൈവശം മാത്രം 22.41 ഏക്കര്‍ ഭൂമിയുള്ളതായാണ് ലാന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

രണ്ടാം ഭാര്യ ഹഫ്‌സത്തും മകനും ഉള്‍പ്പെടുന്ന സെപ്പറേറ്റ് ഫാമിലി സീലിങ് പരിധി മറികടന്നിട്ടില്ലെന്നും ഇവരുടെ പേരില്‍ മിച്ചഭൂമി ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം കേസില്‍ കക്ഷിയായ ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്ററുമായ കെ വി ഷാജി 10ന് നടന്ന സിറ്റിങില്‍ 30 ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് ഹാജരാക്കിയത്. ബിനാമികളുടേത് ഉള്‍പ്പെടെ 50.49 ഏക്കര്‍ ഭൂമിയുടെ രേഖകളും ഹാജരാക്കി.

പി വി അന്‍വറിന്റെ ഡ്രൈവറുടെയും മാനേജരുടെയും മറ്റും പേരില്‍ വാങ്ങിയ ബിനാമി ഭൂമി സ്റ്റാറ്റിയൂട്ടറി ഫാമിലിയുടെ ഭാഗമല്ലെന്ന് പറഞ്ഞ് ലാന്റ് ബോര്‍ഡ് പരിഗണിച്ചില്ല. ഹാജരാക്കിയ രേഖകളില്‍ നിന്നും പി.വി അന്‍വറിന്റെയും കുടുംബത്തിന്റെയും കൂടുതല്‍ ഭൂമി പരിഗണിക്കാത്ത് സംബന്ധിച്ച വിശദമായ ആക്ഷേപം സമര്‍പ്പിക്കുമെന്ന് പരാതിക്കാരനായ കെ.വി ഷാജി പറഞ്ഞു. അതേസമയം പരാതിക്കാരന് ഭൂമി സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇനി അവസരം നല്‍കരുതെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

തന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമി വിവരങ്ങള്‍ മറച്ചുവെച്ച് കള്ള സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ച് എംഎല്‍എയെ വിസ്തരിക്കണമെന്ന് പരാതിക്കാരന്റെ ഹരജിയും ലാന്റ് ബോര്‍ഡ് മുമ്പാകെയുണ്ട്. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടി.ആര്‍ രജീഷ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് സ്‌പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ജുബീഷ്, ലാന്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.

അടുത്ത സിറ്റിങ് 25ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ നടക്കും. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിനാല്‍ അന്‍വറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്തതോടെ ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ഈ കേസില്‍ അന്‍വറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ആറു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20ന് ആദ്യ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് നടപ്പാക്കാഞ്ഞതോടെ വീണ്ടു കോടതി അലക്ഷ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ മിച്ച ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ അന്‍വറിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കൊണ്ട് കോടതി അനുവദിച്ച സമയപരിധികഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്ന കോടതി അലക്ഷ്യ കേസ് പുനരാരംഭിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയില്‍ ഉപാധിരഹിതമായ മാപ്പപേക്ഷയോടൊപ്പം മൂന്നു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് സോണല്‍ ലാന്റ് ബോര്‍ഡ് ചെയര്‍മാനും താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് സ്‌പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പി.വി അന്‍വര്‍ രേഖകള്‍ ഹാജരാക്കാത്തത് കേസ് നീട്ടുന്നുവെന്ന ലാന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് എംഎല്‍എക്ക് തിരിച്ചടിയാണ്. ഹൈക്കോടതി കേസ് ഒക്ടോബര്‍ 18ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.