കോഴിക്കോട്: നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ബാംഗ്ലൂരില്‍ നിന്ന് കടത്തുകയായിരുന്ന 400 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ പിടികൂടി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി നൗഫല്‍ (32), ഫാറൂഖ് നല്ലൂര്‍ സ്വദേശി ജംഷീദ് (31) എന്നിവരെയാണ് കോഴിക്കോട് ആന്റി നര്‍കോടിക് സെല്‍ അസ്സി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നര്‍കോട്ടിക് ഷാഡോ ടീമും സബ് ഇന്‍സ്‌പെക്ടര്‍ ധനജ്ഞയദാസ് ടി വി യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ബാംഗ്‌ളൂരില്‍ നിന്ന് പാവിങ് സ്‌റ്റോണ് കൊണ്ടുവരുന്നത് മറയാക്കി മാരക ലഹരിമരുന്നായ എം.ഡി.എം.എ കൊണ്ട്‌വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഇവര്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വന്‍തോതില്‍ ലഹരിമരുന്നുമായി ഇരുവരും പിടിയിലാവുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുമ്പോള്‍ എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ നിന്നുള്ള പരിശോധനയില്‍ നിന്ന് ഒഴിവാകാം എന്നതും പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്നതുമാണ് ഈ രീതി സ്വീകരിച്ചത്. പിടികൂടിയ ലഹരി മരുന്നിനും കൂടാതെ എന്‍.ഡി.പി.എസ് നിയമ പ്രകാരം ലഹരി കടത്താന്‍ ഉപയോഗിക്കുന്ന വാഹനവും അതിലെ വസ്തുക്കളും കണ്ടുകെട്ടും. ഇത് വാങ്ങിയവരിലേക്കും വില്‍പ്പനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും മറ്റ് കണ്ണികളെ ഉടനെ പിടിക്കൂടുമെന്നും അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. പ്രതികളിലൊരാളായ നൗഫലിന് മുന്‍പ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ എക്‌സൈസ് കേസില്‍ രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചിട്ടുണ്ട്.
പന്തീരാങ്കാവ് സ്‌റ്റേഷനിലെ എ എസ് ഐ പ്രഭീഷ് ടി, എസ് സി പി ഒ മാരായ രഞ്ജിത്ത് എം, ശ്രീജിത്ത്കുമാര്‍ പി, സബീഷ് ഇ ഡന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്, നര്‍ക്കോടിക് ഷാഡോ അംഗങ്ങളായ സി.പി.ഒ സുഗേഷ് പി.സി, ലതീഷ് എം.കെ, ഷിനോജ് എം, ശ്രീനാഥ് എന്‍.കെ, ദിനേശ് പി.കെ തൗഫീഖ്, അഭിജിത്ത് പി, അതുല്‍ ഈ.വി, മിഥുന്‍ രാജ്, ഇബ്‌നു ഫൈസല്‍, ബിജീഷ് കെ.പി എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.