ദില്ലി കത്ത് / ഡോ കൈപ്പാറേടന്‍
ആഗസ്റ്റ് 31, സെപ്തംബര്‍ 1 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ‘ഇന്ത്യാ’ സഖ്യത്തിന്റെ സമ്മേളത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുന്നണിയുടെ കണ്‍വീനറായി പ്രഖ്യാപിച്ചേക്കും. ഇന്ന് ദില്ലി സന്ദര്‍ശിക്കുന്ന നിതീഷ് കുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പാര്‍ട്ടി നേതാക്കളുമായും നിതീഷ് കുമാര്‍ ഇന്നും നാളെയുമായി കൂടിക്കാഴ്ച നടത്തും. ‘ഇന്ത്യ’ യുടെ മുംബൈ യോഗത്തിന് മുന്നോടിയായി ബിഹാര്‍ മുഖ്യമന്ത്രി നടത്തുന്ന ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനം സുപ്രധാന രാഷ്ട്രീയ നീക്കമായി കണക്കാക്കപ്പെടുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുക എന്ന ദൗത്യമാണ് RJD – JDU കക്ഷിള്‍ ഒത്തുചേര്‍ന്നു നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഈ നീക്കത്തിന് ഇരു പാര്‍ട്ടികളും ബീഹാറില്‍ തുടക്കമിടുകയും ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ യുടെ രണ്ട് യോഗങ്ങളാണ് ഇതുവരെ നടന്നത്. മൂന്നാമത്തെ യോഗമാണ് മുംബൈയില്‍ നടക്കുന്നത്. സമ്മേളനം മഹാ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം.
ഈ വരുന്ന 31, 1 തീയതികളില്‍ മുംബൈയില്‍ ചേരുന്ന യോഗത്തില്‍ നിതീഷ് കുമാറിനെ കണ്‍വീനറായി പ്രഖ്യാപിക്കാനാണ് ഘടക കക്ഷികളുടെ തീരുമാനമെന്നാണ് ലഭ്യമാകുന്ന സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയും നിതീഷ്‌കുമാറിനുണ്ട്. ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ഉപമുഖ്യ മന്ത്രി തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത്.