ദേശസ്‌നേഹത്തിന്‍റെ കഥയുമായി ബൂട്ട്

Cinema

സിനിമ വര്‍ത്തമാനം / ആകാശ്

കൊച്ചി: സതീഷ് മുണ്ടയ്ക്കല്‍ രചന സംവിധാനം നിര്‍വഹിച്ച രാജ്യസ്‌നേഹികളായ കാലാള്‍പടയുടെ ശബ്ദം മുഖരിതമാകുന്ന ‘ബൂട്ട്’ എന്ന ചലച്ചിത്രം സ്വാതന്ത്ര്യ ദിനത്തില്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന പ്രദര്‍ശനം നടത്തി.

ഭാരതത്തിലെ ഓരോരുത്തര്‍ക്കും വേണ്ടി ശ്രദ്ധയോടെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ധീരതയുടെ കഥയാണ് ബൂട്ട്. ചെസ്സ് ബോര്‍ഡിലെ കാലാള്‍ ആണ് ഓരോ പട്ടാളക്കാരനും. കാറ്റത്തും വെയിലത്തും മഴയത്തും സഹിക്കാന്‍ പറ്റാത്ത കൊടും മഞ്ഞിലും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സ്വന്തം ജീവന്‍ പോലും മറന്ന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് ഒന്നിനെയും പേടിക്കാതെ മുന്നോട്ടുപോകാന്‍ ആത്മധൈര്യം കൊടുക്കുന്നതാണ് സ്വന്തം കാലിലെ ‘ബൂട്ട്’. ശത്രുവിന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍ മിലിട്ടറി ബൂട്ടിന്റെ ശബ്ദം മാത്രം മതി.

ഓരോ മാതാപിതാക്കളും തന്റെ മക്കള്‍ക്ക് തീര്‍ച്ചയായും കാണിച്ചു കൊടുക്കേണ്ട ചിത്രം. ശത്രുവിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് മിലിട്ടറി ബൂട്ടിന്റെ ശബ്ദം. രാജ്യത്തിന് സുരക്ഷനല്‍കുന്ന പട്ടാളക്കാരന്റെ ബൂട്ട് സ്വന്തമാക്കാനുള്ള ഒരു കൊച്ചുകുട്ടിയുടെ സ്വപ്നമാണിത്. മാസ്റ്റര്‍ അര്‍ജുന്‍ ആണ് പ്രധാന വേഷത്തില്‍.
ഒരു വലിയ പട്ടാളക്കാരനാകണമെന്ന് ഒരു കുഞ്ഞു മനസ്സ് വിചാരിച്ചാല്‍ രാജ്യ നന്മയ്ക്ക് അതു ഉപകാരപ്പെടും എന്ന് ചലച്ചിത്രം കാട്ടിക്കൊടുക്കുന്നു.

രാജ്യത്ത് അനിഷ്ട സംഭവങ്ങള്‍ ഒന്നൊന്നായി കൂടിവരുന്ന സാഹചര്യത്തില്‍ രാജ്യസ്‌നേഹിയായി വളരാന്‍ പ്രചോദനമാകുന്ന രീതിയില്‍ കുട്ടികള്‍ക്ക് അഭിമാനം പകരുന്ന ചാരുതയോടെ ചിത്രീകരിച്ചിരിക്കുന്ന ചലച്ചിത്രമാണിത്. അമൃതലയയുടെ ബാനറില്‍ സതീഷ് മുണ്ടയ്ക്കല്‍ ആണ് ബൂട്ടിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ബാലതാരം അര്‍ജുന്‍, നെയ്യാറ്റിന്‍കര കൃഷ്ണന്‍ നായര്‍, അര്‍ച്ചന, സന്തോഷ് കേശവന്‍, മാധവ്, അരുണ്‍, ആനന്ദ്, ശ്രീകല, മനോഹര്‍, മനോജ്, മനീഷ, അനില്‍ പുളിവിള, റോഷ്‌നി, ശ്രീജു സുഗേഷ്‌കുമാര്‍ കൊല്ലം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ഛായാഗ്രഹണം & എഡിറ്റിംഗ് : സതീഷ് ബാലകൃഷ്ണന്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നിഷാദ് ഷെരീഫ്, കലാസംവിധാനം : അജയന്‍ മുഖത്തല, സൗണ്ട് എഫ്ഫക്റ്റ് : രാജ് മാര്‍ത്താണ്ഡം, സംഗീതം : വിശ്വജിത്ത് , സ്റ്റുഡിയോ: ചിത്രാഞ്ജലി, സഹ സംവിധാനം : ശ്യാം, മേക്കപ്പ് വിനോദ് ചൂഴ, ഷിബു വെട്ടം, ലേ ഔട്ട്: അന്‍ഷാദ് മാസ്മരിക, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മനോഹരന്‍, സമദ് സുഗേഷ്, പ്രൊഫ. വിശ്വനാഥന്‍, പ്രസന്നകുമാര്‍ എന്നിവരാണ് അണിയറ ശില്പികള്‍.

സൈന്യത്തിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരിച്ചിരിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
ഓരോ വിദ്യാലയത്തിലും കുട്ടികള്‍ക്കായി പ്രത്യേകം പ്രദര്‍ശിപ്പിക്കാനായി തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെ അണിയറ ശില്പികള്‍.