അഷറഫ് ചേരാപുരം
ദുബൈ: മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന ഓണാഘോഷങ്ങള്‍ക്ക് ഒരുങ്ങി പ്രവാസി ലോകവും. മാസങ്ങള്‍ നീളുന്ന ഓണാഘോഷ പരിപാടികളാണ് പ്രവാസ ലോകത്ത് നടക്കുക. വിവിധ കൂട്ടായ്മകളും സംഘടനകളും വൈവിധ്യമാര്‍ന്ന ഓണാഘോഷങ്ങള്‍ നടത്തുമ്പോള്‍ ഒത്തുകൂടലിനും സ്‌നേഹസൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളായാണ് മലയാളികള്‍ ഓണാഘോഷങ്ങളെ കാണുന്നത്. ജാതി, മത ഭേദമില്ലാതെ പ്രവാസ ലോകത്ത് ഓണാഘോഷങ്ങള്‍ നടക്കാറുണ്ട്.
ഇത്തവണ വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുമ്പോഴാണ് പ്രവാസ ലോകത്ത് ഓണം വരുന്നത്. നാട്ടില്‍ നിന്നും എത്തുന്ന കുടുംബങ്ങള്‍ ഓണ വിഭവങ്ങള്‍ പലതും തങ്ങളുടെ ബാഗേജുകളില്‍ കരുതിയാണ് വരുന്നത്. ഓണ സദ്യയുണ്ണാന്‍ തൂശനിലപോലും കരുതി വരുന്നവരുണ്ട്. പപ്പടവും ശര്‍ക്കര വരട്ടിയതും കാവറുത്തതും നാടന്‍ വെളിച്ചെണ്ണയും അച്ചാറും കൊണ്ടു വരണമെന്ന് നാട്ടിലുള്ള സുഹൃത്തുക്കളോട് വിളിച്ചു പറയുന്ന പ്രവാസികളും ധാരാളമുണ്ട്. ഇതിനെല്ലാം പുറമേ മാവേലിയുടെ വേഷങ്ങളും കുടയുംചമയങ്ങളുമെല്ലാം എത്തിക്കാനുള്ള തിരക്കിലാണ് പല കൂട്ടായ്മകളും.
ഓണാഘോഷത്തിന് നാളോ സമയമോ നോക്കാതെ ഒഴിവ് ദിനങ്ങളെല്ലാം ആഘോഷ മയമാക്കുകയായിരിക്കും മലയാളി. കൊവിഡ് മഹാമാരിക്കാലത്ത് ആഘോഷങ്ങളെല്ലാം നിറുത്തിവെക്കേണ്ടി വന്നതിന്റെ പ്രയാസം ഇപ്പോള്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി കലാ സംഘങ്ങള്‍. ഓണ സദ്യ കെങ്കേമമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചിലര്‍ നാട്ടില്‍നിന്ന് പാചക വിദഗ്ധരെ വരേ കൊണ്ടുവന്നു ഓണസദ്യ കേമമാക്കാനും ഒരുക്കങ്ങളിലാണ്. മലയാളികളുടെ ഭക്ഷണശാലകളില്‍ ഓണസദ്യയൊരുക്കുന്നുണ്ട്.
അനേകം വിഭവങ്ങളോടെയുള്ള ഓണസദ്യ നേരിട്ടും പാര്‍സലായും ലഭ്യമാക്കാന്‍ ഹോട്ടലുകള്‍ മത്സരിക്കുകയാണ്.നാട്ടിലെപ്പോലെ വിലക്കയറ്റമില്ലെങ്കിലും പച്ചക്കറികള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ക്ക് പ്രവാസ ലോകത്തും നേരിയ വില വര്‍ധന ഉണ്ടായിട്ടുണ്ട്. എങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി യാഥാര്‍ഥ്യമാക്കി മലയാളികള്‍ ആഘോഷത്തിന് തയാറായിരിക്കയാണ്.
യു.എ.ഇ, കുവൈത്ത്, ബഹറൈന്‍, ഒമാന്‍, സൗദി, ഖത്തര്‍ തുടങ്ങിയ അറബ് നാടുകള്‍ക്കു പുറമേ അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളികളും ഇത്തവണത്തെ ഓണാഘോഷം കെങ്കേമമാക്കാനുള്ള പുറപ്പാടിലാണ്.