മദ്യപാനം: മലയാളികളടക്കമുള്ള പ്രവാസികള്‍ അറസ്റ്റില്‍

Gulf News GCC

ദുബൈ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം നടത്തിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള പ്രവാസികള്‍ അറസ്റ്റിലായി. അബൂദബിയിലാണ് അറസ്റ്റ്. മുസഫ ഷാബിയ 12ല്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചവര്‍ പിടിയിലായത്. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ലേബര്‍ ക്യാമ്പ്, ബാച്ചിലേഴ്‌സിന്റെ താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വ്യക്തിഗത ആവശ്യത്തിന് മദ്യം വാങ്ങാന്‍ യു എ ഇയില്‍ അനുമതിയുണ്ട്. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുത്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപാനം അനുവദിക്കും. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും വാങ്ങി ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് തടവും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.