അഷറഫ് ചേരാപുരം
ദുബൈ: പ്രവാസി സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനങ്ങള്‍ നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം. യു.എ.ഇയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള നാല് വിമാനങ്ങളുടെ ബുക്കിങ് നിര്‍ത്താനുള്ള എയര്‍ ഇന്ത്യ നീക്കത്തിനെതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്. സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ബുക്കിങ് നിര്‍ത്തുന്നതെന്ന ആശങ്ക നിലനില്‍ക്കയാണ്. മാര്‍ച്ച് 27 മുതല്‍ യു.എ.ഇയില്‍ നിന്നുള്ള നാല് സര്‍വീസുകളുടെ ബുക്കിങ് സ്വീകരിക്കുന്നതല്ലെന്ന് കാണിച്ച് ട്രാവല്‍ ഏജന്റുമാര്‍ക്ക് കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യയുടെ സന്ദേശം ലഭിച്ചത്. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സര്‍വീസ് നടത്തുന്ന എ.ഐ 937, ഷാര്‍ജയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എ.ഐ 997 എന്നിവയാണ്ബുക്കിങ് അവസാനിപ്പിക്കുന്നത്. ഈ വിമാനങ്ങളുടെ തിരിച്ചുള്ള ദുബൈ, ഷാര്‍ജ സര്‍വീസുകളും ബുക്കിങ് സ്വീകരിക്കില്ല. നിലവില്‍ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്ന് ഈ വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഏക എയര്‍ ഇന്ത്യ വിമാനമാണ് ബുക്കിങ് അവസാനിപ്പിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ‘നോ ഫ്‌ളൈറ്റ്’ എന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. രാത്രി 11.45നാണ് ഈ വിമാനം പുറപ്പെട്ടിരുന്നത്.കോഴിക്കോട്ടേക്കുള്ള കുറഞ്ഞ നിരക്കിലുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈ വിമാനങ്ങള്‍. ഇവ സര്‍വീസ് അവസാനിപ്പിച്ചാല്‍ മറ്റ് വിമാനങ്ങള്‍ നിരക്കുയര്‍ത്താനും സാധ്യതയുണ്ട്. സ്വകാര്യവത്കരണത്തെ തുടര്‍ന്ന് എയര്‍ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. ഇത്തരമൊരു നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് മുസ്‌ലിം ലീഗ് എം.പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കെ.എം.സി.സിക്കു പുറമെ പ്രവാസലോകത്തെ നിരവധി സംഘടനകളും എയര്‍ ഇന്ത്യ നീക്കത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുതുടങ്ങി. കരിപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ പിന്‍മാറുന്നതിനെതിരേ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ഓണ്‍ലൈന്‍ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.