നര്‍മ്മത്തില്‍ ചാലിച്ച ഗ്രാമീണ പശ്ചാത്തല കഥയുമായി ‘ചിലര്‍ അങ്ങനെയാണ്’; ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു

Cinema

സിനിമ വര്‍ത്തമാനം / എം കെ ഷെജിന്‍

കൊച്ചി: ന്യൂ ആര്‍ട്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ ‘ചിലര്‍ അങ്ങനെയാണ് ‘ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത നടനും നിര്‍മ്മാതാവുമായ കണ്ണങ്കൈ കുഞ്ഞിരാമന്‍ ഭദ്രദീപം തെളിയിച്ചു.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തിലെ നായകനായ ദേവന്‍ തൊഴില്‍ രഹിതനായ ചെറുപ്പക്കാരനാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടു കൂടി ഒരു ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. ആയിടക്കാണ് പഴയ കൂട്ടുകാരനായ സുഷമനെ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവന്‍ കണ്ടുമുട്ടുന്നത്. പഴയ സുഷമന്‍ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ മുതലാളിയാണെന്ന് ദേവനോട് പറഞ്ഞത് കേട്ടപ്പോള്‍ താന്‍ രക്ഷപ്പെട്ടെന്ന് ദേവന്‍ മനസ്സില്‍ കരുതി. ദേവന്റെ വീട്ടില്‍ കൊണ്ടുപോയി ഗംഭീര സല്‍ക്കാരം തന്നെ സുഷമന് ദേവന്‍ നല്‍കി.” തനിക്കൊരു ജോലി നല്‍കണമെന്ന് ദേവന്‍ സുഷമനോട് പറഞ്ഞു: ആ സമയം സുഷമന്‍ ആ രഹസ്യം ദേവനോട് പറഞ്ഞു. ഇതു കേട്ട ദേവന് തല കറങ്ങുന്നതായി തോന്നി.

നര്‍മ്മത്തില്‍ ചാലിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മാധവന്‍ കൊല്ലമ്പാറ തയ്യാറാക്കിയിരിക്കുന്നു.’നാലും ആറും പത്ത് ‘, ‘നീ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പി.ടി.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രമുഖ താരങ്ങള്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ക്യാമറ: അഭിജിത്ത്. ഗാനരചന രാഘവന്‍ കക്കാട്ട്. സംഗീതം: ഉണ്ണി വീണാലയം. ഗായകര്‍: ഉണ്ണി മേനോന്‍, ശില്പ. ചമയം: റഷീദ് കോഴിക്കോട്. പ്രൊ. കണ്‍ട്രോളര്‍: ഹരി വെഞ്ഞാറമൂട്. അസോ. ഡയരക്ടര്‍: സന്ദീപ് അജിത്കുമാര്‍. സംവിധാന സഹായി: സുരേഷ് പനങ്ങാട്. ഫിനാന്‍സ് കണ്‍ട്രോളര്‍: സുമ. കോസ്റ്റ്യുംസ്. ബിനു പുളിയറക്കോണം. സാങ്കേതിക സഹായം: രമേശന്‍ കരിവെള്ളൂര്‍, സുനില്‍ ചെമ്പ്ര കാനം. ഒക്ടോബര്‍ അവസാന വാരം കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ചിത്രീകരണമാരംഭിക്കുന്നു.