സി ഐ ഇ ആര്‍ സംസ്ഥാന പ്രതിഭ സംഗമം 26ന് ശനിയാഴ്ച കോഴിക്കോട്

Kozhikode

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (സി ഐ ഇ ആര്‍) സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പ്രതിഭ അവാര്‍ഡ്, രചനാ അവാര്‍ഡ് എന്നിവയില്‍ മികവ് പുലര്‍ത്തിയവരെ പ്രതിഭാ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. മതവിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് പ്രതിഭ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സംസ്ഥാന തലത്തില്‍ നടന്ന ഫൈനല്‍പരീക്ഷയില്‍ മികച്ച വിജയം നേടിയ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികല്‍ക്കാണ് പ്രതിഭ അവാര്‍ഡ് നല്‍കുന്നത്.

വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് രചനാ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മതപഠനം പരീക്ഷകള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ലഭ്യമാവുന്ന അറിവുകള്‍ നേടുന്നതോടൊപ്പം ക്രിയാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസ രംഗത്ത് കുട്ടികള്‍ക്ക് ഗവേഷണ ചിന്തക്ക് പ്രോത്സാഹനം നല്‍കുക, സമകാലിക സംഭവങ്ങളെ മതത്തിന്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്താന്‍ സാധിക്കുക, സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ കരുത്തു പകരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാണ് കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (സി ഐ ഇ ആര്‍) ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്.

ഈ വര്‍ഷത്തെ പ്രതിഭാ സംഗമം 2023 ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരനും കവിയുമായ പി കെ ഗോപി നിര്‍വ്വഹിക്കും. അവാര്‍ഡ്ദാനം സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ്കുട്ടി നിര്‍വ്വഹിക്കും. കെ അബൂബക്കര്‍ മൗലവി പുളിക്കല്‍, സി ഐ ഇ ആര്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസലാം, പ്രതിഭ അവാര്‍ഡ് കണ്‍വീനര്‍ വഹാബ് നന്മണ്ട, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഡോ.സുഫ്‌യാന്‍ അബ്ദുല്‍ സത്താര്‍, എം എസ് എം സംസ്ഥാന സെക്രട്ടറി ആദില്‍ നസീഫ് മങ്കട, റശീദ് പരപ്പനങ്ങാടി തുടങ്ങിയവര്‍ പങ്കെടുക്കും.