തിരുവനന്തപുരം: ജനങ്ങള്‍ക്കില്ലെങ്കിലും ജനപ്രതിനിധികള്‍ക്ക് സൗജന്യ ഓണക്കിറ്റ് വീട്ടിലെത്തിച്ച് നല്‍കി സര്‍ക്കാര്‍. സംസ്ഥാനത്തെ ബി പി എല്‍ വിഭാഗങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഓണക്കിറ്റ് നല്‍കാതെ ഒഴിവാക്കിയാണ് ചിഫ് സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും സ്‌പെഷ്യല്‍ ഓണക്കിറ്റ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ പ്രത്യേകം ഡിസൈന്‍ ചെയ്ത ബോക്‌സില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവും ഇതോടൊപ്പം നല്‍കുന്നുമുണ്ട്.
പന്ത്രണ്ട് ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്. ഇവയുടെ വിതരണം ഇന്നുതന്നെ പൂര്‍ത്തിയായേക്കും. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, സാമ്പാര്‍പ്പൊടി, രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റര്‍, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്.
സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും ചീഫ് സെക്രട്ടറിക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്.
അതേസമയം മഞ്ഞക്കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് പകുതിയിലേറെ പേര്‍ക്കും ഇനിയും ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേര്‍ക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഇനിയും 3,27,737 പേര്‍ക്ക് കൂടി കിറ്റ് നല്‍കാന്‍ ഉണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുമെന്നും പറയുന്നുണ്ട്.
ഈ പ്രതിസന്ധിക്കിടെയാണ് ജനപ്രതിനിധികളോടും ചീഫ് സെക്രട്ടറിയോടും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉദാര സമീപനം.