കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ചുങ്കം ബ്രാഞ്ച് പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

Palakkad

പാലക്കാട്: കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ചുങ്കം ബ്രാഞ്ച്, നൂതന ബാങ്കിങ് സാങ്കേതിക സംവിധാനത്തോടെയും ആധുനിക സൗകര്യങ്ങളോടെയും ദേശീയപാത കാഞ്ഞിക്കുളം സെന്ററിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. ഗ്രാമീണ മേഖലയില്‍ നൂറുവര്‍ഷം പിന്നിടുന്ന ഈ സഹകരണ സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനവും എം പി വി.കെ.ശ്രീകണ്ഠനും ലോക്കര്‍ ഉദ്ഘാടനം അഡ്വക്കേറ്റ് കെ.ശാന്തകുമാരി എംഎല്‍എയും നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷത വഹിക്കും.

ബാങ്കിംഗ് രംഗത്ത് നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാനും ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങളിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാനും കഴിഞ്ഞ കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍,
ചികിത്സാരംഗത്തെ ചൂഷണങ്ങളില്‍ നിന്നും പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് മികച്ച ഡോക്ടര്‍മാരുടെ സേവനമുള്ള ക്ലിനിക്,മെഡിക്കല്‍ സ്‌റ്റോര്‍, മെഡിക്കല്‍ ലാബ്, കിഡ്‌നി രോഗികളെ സഹായിക്കാന്‍ ഡയാലിസിസ് സെന്റര്‍, കച്ചവട മേഖലയില്‍ കാര്യക്ഷമമായി ഇടപെടുന്ന നിത്യോപയോഗ സാധനങ്ങള്‍ക്കായുള്ള നീതി സൂപ്പര്‍ മാര്‍ക്കറ്റ്, നിര്‍മ്മാണ മേഖലയ്ക്ക് സഹായകരമാകുന്ന നീതി ഇലക്ട്രിക്കല്‍സ് & പ്ലംബിംഗ്, കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ രാസവളങ്ങള്‍ നല്‍കുന്ന വളം ഡിപ്പോ തുടങ്ങിയ സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടുതല്‍ ജനകീയമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അത്യാധുനിക സൗകര്യത്തോടെ സജ്ജീകരിച്ചതാണ് ചുങ്കം ബ്രാഞ്ചിന്റെ പുതിയ കെട്ടിടം.

ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, സഹകരണ സംഘം സാരഥികള്‍, വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പൗരപ്രമുഖരും നാട്ടുകാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.