പാലക്കാട്: വിദ്യാഭ്യാസത്തിന്റെ ക്രിയാത്മകമായ വളര്‍ച്ചയ്ക്ക് സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ഗൗരവമായി ചിന്തിക്കണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഈ മേഖലയില്‍ ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഇതു മുന്നില്‍ക്കണ്ട് ധാരാളം വ്യവസായസംരംഭങ്ങള്‍ക്കുള്ള സാധ്യതകളും തെളിയുന്നുണ്ട്. സംയോജിത പഠനപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്ന കൊളാബറേറ്റീവ് പ്ലാറ്റ്‌ഫോമുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറികള്‍, നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സംവേദനാത്മക ടൂളുകള്‍, ഡാറ്റ മാനേജ്‌മെന്റ് ആന്‍ഡ് അനലറ്റിക്‌സ് തുടങ്ങിയവ ഈ പഠനശാഖയിലെ സജീവ ഗവേഷണമേഖലകളാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംപാക്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൊബൈല്‍ ഫോണ്‍ ആന്റ് അഡ്വാന്‍സ്ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയിലെ ആദ്യബാച്ചുകളുടെ കൊണ്‍വൊക്കേഷന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.നിത്യജീവിതത്തില്‍ ജനങ്ങളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന മൊബൈല്‍ ടെക്‌നോളജി കോഴ്‌സുകളില്‍ തെളിയുന്ന അനന്തസാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ പുതിയ സംരംഭകരും മികച്ച സേവന ദാതാക്കളും ഉയര്‍ന്നുവരുമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുമെന്നും എം.പി പറഞ്ഞു.കിടപ്പ് രോഗികളുടെ ആശ്രിതരായ ഭാര്യ,പെണ്‍മക്കള്‍,എന്നിവര്‍ക്ക് കൈത്താങ്ങായി മൊബൈല്‍ ടെക്‌നോളജി കോഴ്‌സ് പഠിക്കുന്നതിന് ഇംപാക്ട് ഏര്‍പ്പെടുത്തിയ 70 ശതമാനം ഫീസ് ഇളവ് പദ്ധതിയും എം.പി ഉദ്ഘാടനം ചെയ്തു.
ഫൈസല്‍ കോങ്ങാട് ചടങ്ങില്‍ അദ്ധ്യക്ഷനായി. കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ജയേഷ്, മലമ്പുഴ ഗവ.ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ മന്‍സൂര്‍ അലി, ഡോക്ടര്‍ മൊബൈല്‍ മാനേജിംഗ് ഡയറക്ടര്‍ ജി.കൃഷ്ണദാസ്, ഡയറക്ടര്‍മാരായ റോഷിന്‍ ജോയ് നെല്ലിമറ്റത്തില്‍,കെ.കെ.ആഷിഖ്, സി.യു.ഗിരീഷ്‌കുമാര്‍, ഡോക്ടര്‍മൊബൈല്‍സ് ടെക്‌നിക്കല്‍ ഹെഡ് എന്‍.വി.അനൂപ്, ഇംപാക്ട് സി.സി.ഒ എം.നീതു, ഡോക്ടര്‍മൊബൈല്‍ റീജിയണല്‍ മാനേജര്‍ ജിനുബാലകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ പി.വി.എസ് ശിഹാബ് എന്നിവര്‍ സംസാരിച്ചു. ഇംപാക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.യു.ഗിരീഷ്‌കുമാര്‍ സ്വാഗതവും ഇംപാക്ട് ഹെഡ് ഓഫ് ഫാക്കല്‍റ്റി മൃദുല നന്ദിയും പറഞ്ഞു.