ഭര്‍ത്താവിന്‍റെ വാട്‌സാപ്പില്‍ സന്ദേശമയച്ച് നവവധു ജീവനൊടുക്കി

Kerala

കൊല്ലം: ഭര്‍ത്താവിന്റെ വാട്‌സാപ്പില്‍ സന്ദേശമയച്ച് യുവതി ജീവനൊടുക്കി. കൊട്ടാരക്കര പുത്തൂരിലാണ് നവവധു വീട്ടില്‍ തൂങ്ങിമരിച്ചത്. മാവടി സ്വദേശിനി സുനി (21) യാണ് മരിച്ചത്. ഉത്രാട ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഭര്‍ത്താവ് ബിജുവിന്റെ ഫോണിലേക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സന്ദേശമയച്ചതിന് ശേഷമാണ് സുനി ആത്മഹത്യ ചെയ്തത്.

സന്ദേശം ലഭിച്ചതോടെ ബിജു വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഓടിളക്കി വീടിനുള്ളില്‍ ഇറങ്ങി നടത്തിയ പരിശോധനയിലാണ് സുനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നിക്കോട് സ്വദേശിനിയായ സുനി ഭര്‍ത്താവ് മാവടി സ്വദേശിയായ ബിജുവും ഒമ്പത് മാസം മുന്‍പാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്.

ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സുനിയുടെ വീട്ടിലെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് മാത്രമാണ് മാവടിയിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.