ചിന്ത / എസ് ജോസഫ്
ഫിക്ഷന്‍ എഴുത്തുകാരുടേയും കവികളുടേയും കലാകാരന്‍മാരുടേയും പ്രതിഭ പ്രായമേറുമ്പോള്‍ ക്ഷീണിച്ചു വരുന്നതായി കാണുന്നു. അവരുടെ എഴുത്തിന്റെ ഏകാഗ്രത തകരുന്നു. ഗ്രാഫ് താഴുന്നു. അവര്‍ക്ക് പഴയ പോലെ പുതുമയുള്ള സൃഷ്ടികള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല. അവര്‍ പഴയ തീമുകള്‍ ആവര്‍ത്തിക്കുന്നു. ചിലരൊക്കെ ഏതെങ്കിലും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ടാകാം. അവര്‍ ശക്തിപൂര്‍വ്വം രചനയും കലാവിഷ്‌കാരവും നിര്‍വഹിച്ചിരുന്ന കാലഘട്ടം പോയ്മറയുമ്പോള്‍ പുതിയ കാലവുമായി ഒത്തുപോകാന്‍ കഴിയാത്തവരാകുന്നു. അവരുടെ എഴുത്തിന്റെ ഒരു നല്ല കാലം അവസാനിച്ചു എന്നു പറയാം.
സാഹിത്യാന്വേഷണളും കലാന്വേഷണങ്ങളും നടത്തിയിരുന്ന അവരുടെ തുടക്കക്കാലം ചിലപ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തും. എന്നാല്‍ ധാരാളം കാര്യങ്ങള്‍ മനസിലാക്കി അവര്‍ തങ്ങളുടെ ആര്‍ട്ടിലോ എഴുത്തിലോ മികവുറ്റവരായി മാറുമ്പോള്‍ തന്നെ, പ്രതിഭയുടെ പീക്കിലെത്തിയാല്‍ അവരുടെ അവരോഹണവും തുടങ്ങും. സിനിമാ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും ഇപ്പോള്‍ എന്നിലൊരു വികാരവും ഉണര്‍ത്തുന്നില്ല. അവര്‍ സിനിമയില്‍ നിന്ന് പെന്‍ഷന്‍ പറ്റുന്നതാണ് നല്ലത്. ഒരു മനുഷ്യന് അവതരിപ്പിക്കാവുന്ന റോളുകള്‍ പരിമിതമാണ്. പലതും അനുകരണങ്ങളാണ്. അഭിനയം അല്ല. ഫോട്ടോ ഗ്രാഫിക് റിയലിസം മാത്രം. അത് ഇനി ആവര്‍ത്തിച്ച് മടുപ്പിക്കാനേ അവര്‍ക്കാവൂ. എം.ടിയും ടി.പത്മനാഭനും ഒക്കെ അതുപോലെ തന്നെ. ടി.പത്മനാഭന്‍ ഇപ്പോള്‍ കവിതയെക്കുറിച്ച് ഒരു പാട് അബദ്ധങ്ങള്‍ പറയുകയും ചെയ്യും.
പൊതുവേ യൗവനകാലത്താണ് കലയും സാഹിത്യവും പുഷ്പിക്കുന്നത്. 16-17 വയസിന് താഴോട്ട് കവികള്‍ തന്നെയില്ല. അവര്‍ ബാലസാഹിത്യകാരമാര്‍ പോലുമല്ല. കാരണം ഒരു സുപ്രഭാതത്തില്‍ ഞാന്‍ എന്നെ പ്രശസ്ത കവിയായി കണ്ടു എന്ന് ലോഡ് ബയണ്‍ പറഞ്ഞതായി കേട്ടിട്ടുണ്ടെങ്കിലും അത് ഒരു ഐതിഹ്യം ആകാനാണ് സാധ്യത. വളളത്തോള്‍ യൗവനാരംഭത്തിലേ കവിതകള്‍ ഒരു ലീലാവ്യവസായം എന്ന നിലയില്‍ ചെയ്തിരുന്നു. ആശാന്റെ കവിത ഒരു പാട് പരിണതികളിലൂടെ കടന്നുപോയി. ആശാന്റെയും വള്ളത്തോളിന്റെയും കവിതകള്‍ പ്രതിഭയുടെ ഉന്മാദത്തില്‍ അവരെഴുതി. പി ക്ക് നിരന്തരോന്മാദം ആയിരുന്നു. പക്ഷേ സ്ഥൂലമായ ധാരാളം രചനകളും അദ്ദേഹത്തിനുണ്ട്. 60ാം വയസിലും പി. കത്തി നിന്നു. ചില വരികളില്‍ പി.യെയും വളളത്തോളിനെയും ആശാനെപ്പോലെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് രചനയുടെ സ്ഥൂലത മൂലമാണ്. ആശാന്റെ നീണ്ടതല്ലാത്ത ജീവിതം അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കണം. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തില്‍ ആരോഹണവും അവരോഹണവും ഉണ്ട്.