നിങ്ങളുടെ അല്‍പ ജീവിതം നിങ്ങളില്‍ അഴുക്ക് ബാക്കിയാക്കിയിട്ടുണ്ട്, കൈകളില്‍ ചോര പുരണ്ടിട്ടുണ്ട്

Articles

ചിന്ത / എ പ്രതാപന്‍

ജീവിതാനുഭവം എന്ന നിലയില്‍ ജാതിയെ നോക്കാന്‍ ശ്രമിക്കുകയാണ് എആ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. വളരെ ചുരുക്കമായ മോശം കമന്റുകള്‍ വന്നുള്ളു. ഞാനത് ഗൗരവമായി എടുക്കുന്നില്ല. ജാതി, ലിംഗം, ലൈംഗികത , ഇതിനെ കുറിച്ച് എഴുതല്‍ ഏറെ ബുദ്ധിമുട്ടാണ്. ഒരു പുരുഷന്‍ ലിംഗപദവിയെ കുറിച്ച് എഴുതുമ്പോള്‍ , മേല്‍ജാതിക്കാരന്‍ എന്ന് വ്യവഹരിക്കപ്പെടുന്നയാള്‍ ജാതിയെ കുറിച്ച് എഴുതുമ്പോള്‍ , നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും, അയാള്‍ പല കോണുകളില്‍ നിന്ന് ചോദ്യം ചെയ്യപ്പെടും.

ഒരു ആദര്‍ശാത്മക ഭാവനായിടത്തില്‍ നിന്ന് എഴുതുന്ന പോലെ എഴുതാം, അത് ആത്മവഞ്ചനാപരമായിരിക്കും. അത്തരം ഒരു ആദര്‍ശാത്മക സ്ഥലം ഈ ലോകത്ത് ഇല്ല. ചരിത്ര പൂരിതമായ , അതിന്റെ എല്ലാ അഴുക്കുകളും നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നിങ്ങള്‍ ജീവിച്ച നിങ്ങളുടെ അല്‍പ ജീവിതം നിങ്ങളില്‍ ചില അഴുക്കുകള്‍ ബാക്കിയാക്കിയിട്ടുണ്ട്, നിങ്ങളുടെ കൈകളില്‍ അല്‍പം ചോര പുരണ്ടിട്ടുണ്ട്. അങ്ങനെയൊന്നുമില്ല എന്ന് ഭാവിച്ച് നിങ്ങള്‍ക്ക് നിശ്ശബ്ദനായി ഇരിക്കാം. അല്ലെങ്കില്‍ അവയെ മറയ്ക്കുന്ന നുണകള്‍ പറയാം. നിങ്ങളോട് തന്നെ സത്യസന്ധനാകുക എന്നാല്‍ നിങ്ങളെ സ്വയം വിചാരണ ചെയ്യുക എന്നു കൂടിയാണ് അര്‍ത്ഥം.

ഈ നാട്ടിലെ കീഴാള ജനസഞ്ചയങ്ങളുടെ ആത്മപ്രകാശനം നടക്കുന്നത് നിങ്ങളുടെ ഒരു വാക്കിനെ ആശ്രയിച്ചല്ല. നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ അനുഭവിച്ച ഒരു ലോകത്തെയാണ്. ആ അനുഭവങ്ങളുടെ ആധികാരികത ഏത് വാദികള്‍ ചോദ്യം ചെയ്താലും വിനീതമായ ഒരു മറുപടി പറയാന്‍ നാരായണ ഗുരു പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന വാക്കുകളിലൂടെ. നിങ്ങളുടെ ശിവനെ, ജാതിയെ, ലിംഗത്തെ നിങ്ങള്‍ എടുത്തോളൂ . എന്റെ ശിവനെ, ജാതിയെ, ലിംഗത്തെ കുറിച്ച് ഞാന്‍ പറയും.

ദേശം, ഭാഷ, ലിംഗം, വംശം, മതം, ജാതി …. നമ്മുടെ സ്വത്വങ്ങളെല്ലാം പിറവിയുടെ ഭാഗ്യക്കുറിയോ , നിര്‍ഭാഗ്യക്കുറിയോ ആയി നമുക്ക് ലഭിക്കുന്നവയാണ് , അവ നമുക്ക് പൂര്‍വ്വ നിര്‍ണ്ണിതമാണ്. അതിന്റെ ഉള്ളില്‍ വന്നുപെട്ട ശേഷം അതിനോട് ചെയ്യുന്ന വിനിമയങ്ങളാണ് നമ്മുടെ ജീവിതം. അതിന്റെ പ്രിവിലിജുകള്‍ അനുഭവിക്കുന്നവര്‍ അത് ഊട്ടിയുറപ്പിക്കാനും ഞെരുക്കങ്ങള്‍ അനുഭവിക്കുന്നവര്‍ കുതറി മാറാനും നടത്തുന്ന ശ്രമങ്ങള്‍ കൂടിയാണ് ലോകത്തിന്റെ ചരിത്രം. ചില പ്രിവിലിജുകള്‍ തന്നെ ചിലര്‍ക്ക് ചിലപ്പോള്‍ ഞെരുക്കങ്ങളായും അനുഭവപ്പെടുന്നു.

എന്റെ യൗവ്വനാരംഭത്തില്‍ തന്നെ ഞാന്‍ ജന്മനാട് വിട്ടു. അതിനെ കുറിച്ച് പിന്നീട് പരിതപിച്ചിട്ടില്ല. ജനിച്ച നാട്, പ്രത്യേകിച്ച് അതൊരു ഗ്രാമമാണെങ്കില്‍, നിങ്ങളെ സദാ അടയാളപ്പെടുത്തി കൊണ്ടിരിക്കും. ഇന്ന ജാതിയിലെ, ഇന്ന വീട്ടിലെ എന്നൊക്കെ. അന്യനാട് നല്‍കുന്ന ചില അനോണിമിറ്റികള്‍, അറിയപ്പെടായ്മകള്‍, ഞാന്‍ ഇഷ്ടപ്പെട്ടു.

ഇറ്റാലോ കാല്‍വിനോയുടെ ഒരു പഴയ കഥയുണ്ട്, സഹോദരന്മാരെ കുറിച്ച് . ഒരു ഗ്രാമത്തില്‍ ജനിച്ചവരെങ്കിലും വ്യത്യസ്ത ദൂരദേശങ്ങളില്‍ പല ഏര്‍പ്പാടുകളുമായി കഴിയുന്നവര്‍. അതിലൊരാള്‍ അയാളുടെ കര്‍മ്മ സ്ഥലത്ത് പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. പക്ഷെ നാട്ടില്‍ തിരിച്ചെത്തി ഒത്തുകൂടുന്ന നിമിഷം അവര്‍ തങ്ങളുടെ പൂര്‍വ്വ ഗ്രാമ സ്വത്വത്തിലേക്ക് തിരിച്ചു വരുന്നു. അതിരു തര്‍ക്കങ്ങളുടേയും ചില്ലറ അടിപിടികളുടേയും പെണ്‍ വേട്ടകളുടേയും പതിവ് ദിനചര്യകളിലേക്ക്. അവര്‍ അത്തരം തിരിച്ചു വരവുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചു.

ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ പുറം ലോകത്തോട് മാത്രമല്ല, നിങ്ങളോട് തന്നെയും negotiate ചെയ്തു കൊണ്ടിരിക്കുന്നു. നിരവധി സ്വത്വ ക്രമീകരണങ്ങളാല്‍ ദൃഢീകരിക്കപ്പെട്ട ഒന്നാണ് നമ്മുടെ വ്യവസ്ഥ . ഇത്തരം ഏത് സ്വത്വങ്ങളെയും കൂടുതല്‍ ദൃഢീകരിക്കല്‍ എനിക്ക് ലക്ഷ്യമല്ല. പക്ഷേ നിങ്ങള്‍ ഏതെങ്കിലും ശറലിേേശ്യ യുടെ പേരില്‍ , ലിംഗമോ, ജാതിയോ, മതമോ, ദേശമോ, വംശമോ, ഏതായാലും, ടാര്‍ഗെറ്റ് ചെയ്യപ്പെടുകയും അതിക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍, ആ സ്വത്വത്തില്‍ ഉറച്ചു നിന്നു കൊണ്ടു തന്നെ അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നു.

പക്ഷേ ഈ സ്വത്വ ഭേദങ്ങളെയും അതിലംഘിച്ച് പോകുന്ന ഒന്നാണ് നമ്മുടെ സ്വാതന്ത്ര്യ സങ്കല്‍പം എന്നും ഞാന്‍ കരുതുന്നു. നാരായണ ഗുരു എനിക്ക് ഈഴവരുടെ ഗുരു മാത്രമല്ലാതിരിക്കുന്നതും , മാര്‍ക്‌സ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മാത്രം ഗുരുവല്ലാതിരിക്കുന്നതും അതു കൊണ്ടാണ്. അവര്‍ മനുഷ്യരാശിക്ക് നല്‍കിയ സ്വപ്നങ്ങള്‍ അതിലും എത്രയോ വലുതാണ്. അങ്ങനെയൊരു ലോകത്തിലും പ്രപഞ്ചത്തിലും ജീവിക്കാനായില്ലെങ്കിലും അത്തരം സ്വപ്നങ്ങളില്‍ മരിച്ചു പോകാനാണ് എനിക്ക് ഇഷ്ടം.