തൊട്ടില്‍പ്പാലം: വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യവും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും ബഫര്‍ സോണ്‍ പ്രഖ്യാപനവുമെല്ലാമായി കര്‍ഷകരുടെ നടുവൊടിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് കര്‍ഷകര്‍ സംഘടിക്കുന്നു. കര്‍ഷക ഐക്യവേദി എന്ന പേരിലാണ് രാഷ്ട്രീയത്തിനധീതമായി കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്.
കര്‍ഷക ഐക്യവേദിയുടെ യൂണിറ്റുകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരെ സംഘടിപ്പിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിവിധ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് സംഘടന. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ഇതിനോടകം യോഗം ചേര്‍ന്നുകഴിഞ്ഞു.
പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഡിസംബര്‍ ഏഴിന് കുറ്റിയാടി ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക, വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫോറസ്റ്റ് ഓഫിസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.
കര്‍ഷക ഐക്യവേദിയുടെ ചെയര്‍മാന്‍ വളപ്പില്‍ ദിനേഷന്‍, ജനറല്‍ കണ്‍വീനര്‍ കെ ബാബുരാജ്, വൈസ് ചെയര്‍മാര്‍ ബേബി ഇയ്യാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭവും സമരപരിപാടികളും നടക്കുന്നത്.