ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണഘടനാ ആമുഖം മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദിന് കൈമാറി. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിൻ്റെയും ദിനാചരണത്തിൻ്റെയും ഭാഗമായാണ് ആമുഖം കൈമാറിയത്. തുടർന്ന് പ്രസിഡണ്ട് ഭരണസമിതിയിൽ ആമുഖം വായിച്ചു.
75 വർഷം കഴിയുമ്പോൾ നാം ഒട്ടേറെ മുന്നേറിയെങ്കിലും പട്ടികജാതിക്കാരും മറ്റും ഇപ്പഴും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് ചർച്ചയാവേണ്ടതാണ്. ആധുനിക ഇന്ത്യയിൽ തൊട്ടു കൂടായ്മയും തീണ്ടലും അനുസ്യൂതമായി തുടരുന്നതിലും നാം ലജ്ജിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ വക്താക്കൾ എങ്ങിനെ അടിച്ചമർത്തലിൻ്റെ പാതയിൽ എത്തി എന്നത് എഴുതപ്പെടാത്ത രേഖകളായി നമുക്ക് മുന്നിൽ മിഴിച്ചു നിൽക്കുകയാണെന്ന് മെമ്പർ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ ആയിഷ ടീച്ചർ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വെള്ളിലാട്ട് അഷറഫ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം ലതിക, സെക്രട്ടറി ഇ. ഗംഗാധരൻ, മെമ്പർമാരായ കാട്ടിൽ മൊയ്തുമാസ്റ്റർ, ടി.കെ ഹാരിസ് മാസ്റ്റർ, ഷൈബ മല്ലിവീട്ടിൽ, കണ്ടോത്ത് പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു