കരുമേഘങ്കള്‍ കലൈകിന്‍ട്രന റിലീസ് നാളെ

Cinema

സിനിമ വര്‍ത്തമാനം / സി.കെ.അജയ് കുമാര്‍

കൊച്ചി: വ്യത്യസ്തങ്ങളായ, ജീവിത ഗന്ധിയായ പ്രമേയങ്ങള്‍ക്ക് ദൃഷ്യാവിഷ്‌ക്കാരം നല്‍കി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് തങ്കര്‍ ബച്ചാന്‍. ഛായഗ്രാഹകന്‍ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ ‘ അഴകി ‘,’ സൊല്ല മറന്ത കഥൈ ‘ പള്ളിക്കൂടം ‘ അമ്മാവിന്‍ കൈപേശി ‘ , തെന്‍ട്രല്‍ ‘ എന്നീ സിനിമകള്‍ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോന്‍, യോഗി ബാബു, അദിതി ബാലന്‍ എന്നീ പ്രഗല്‍ഭരെ പ്രാധാന അഭിനേതാക്കളാക്കി തങ്കര്‍ ബച്ചാന്‍ ശക്തമായൊരു പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരവുമായി എത്തുന്നു . ‘ കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘ എന്നാണ് പുതിയ സിനിമയുടെ പേര്. സെപ്റ്റംബര്‍ 1 ന് ഈ സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും.

‘ രക്ത ബന്ധങ്ങളുടെ മഹത്വം വിളിച്ചോതുന്ന ഒരു ഇതിവൃത്തമാണ് ‘കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘ യുടേത്. അത് കാണികള്‍ക്ക് രസിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ഇതില്‍ അതിഭാവുകത്വമില്ലാത്ത ജീവിതവും വൈകാരികതയുമുണ്ട് , നര്‍മ്മവുമുണ്ട്. ഒരോ മക്കളും , കുടുംബവും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്. ഭാരതിരാജാ, ഗൗതം വാസദേവ് മേനോന്‍, അദിതി ബാലന്‍ എന്നിവര്‍ കഥയില്‍ ലയിച്ച് മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.’ എന്ന് തങ്കര്‍ ബച്ചാന്‍ തന്റെ സിനിമയെ കുറിച്ച് പറഞ്ഞു.

ചിത്രത്തിന്റെ അണിയറയില്‍ ഒട്ടേറെ പ്രഗത്ഭര്‍ അണി നിരക്കുന്നുണ്ട്. സംവിധായകന്‍ എസ്. എ. ചന്ദ്രശേഖര്‍ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാന, സഞ്ജീവി, സംവിധായകന്‍ ആര്‍. വി. ഉദയ കുമാര്‍, പിരമിഡ് നടരാജന്‍, ഡല്‍ഹി ഗണേഷ് എന്നീ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഏകാമ്പരമാണ് ക്യാമറാമാന്‍, ബി.ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ‘ കവി പേരരശ് ‘ വൈരമുത്തുവും സംഗീത സംവിധായകന്‍ ജീ. വി. പ്രകാശ് കുമാറും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുരളി സില്‍വര്‍ സ്റ്റാര്‍ പിക്‌ചേഴ്‌സാണ് ‘ കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘ കേരളത്തില്‍ റിലീസ് ചെയ്യുന്നത് .