ചിന്ത / പ്രതാപന്‍ എ
‘ഇനി ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് ഞാന്‍ എഴുതുന്നില്ല. മലയാള സാഹിത്യം എന്റെയൊപ്പം ഓടിയെത്തട്ടെ. ‘
മേതില്‍ രാധാകൃഷ്ണന്റെ സമ്പൂര്‍ണ്ണകൃതികളുടെ പരസ്യം ഇങ്ങനെയൊരു വാചകം പേറുന്നു. വീണ്‍വാക്കുകളാണ് വിപണിയിലെ പരസ്യ വാചകങ്ങള്‍ എന്ന് നമുക്കറിയാം. അതു പോട്ടെ. എഴുതുന്ന മേതിലും എഴുത്തു നിര്‍ത്തിയ മേതിലും എന്നൊക്കെ മേതില്‍ ആരാധകരായ ബുദ്ധിജീവികള്‍ ഇതിനെ വീണ്ടും എഴുതി പൊലിപ്പിക്കുമ്പോള്‍ , ആ വീണ്‍വാക്കുകള്‍ പരിശോധിക്കണം എന്നു തോന്നുന്നു.
വികാസത്തേയും അത് നിര്‍മ്മിച്ച അകലത്തേയും സൂചിപ്പിക്കാനായി, ചരിത്രത്തിലെ വിടവുകളെ ന്യായീകരിക്കാനും ശാശ്വതീകരിക്കാനുമായി, ഉണ്ടാക്കിയ കൊളോണിയല്‍ പ്രത്യയ ശാസ്ത്രങ്ങളില്‍ മുഴങ്ങുന്നത് ഇതേ വാചകമാണ്. അതിന്‍ പ്രകാരം ചരിത്രം എന്നത് കൊളോണിയലിസം എത്തി നില്‍ക്കുന്ന സ്ഥലവും അതിന്റെ സഞ്ചാരവുമാണ്. അതിനോടൊപ്പമെത്താനുള്ള ദീനവിലാപയാത്രകളാണ് കോളനിവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളുടേത്. ഇത് ഒരു ഭൗതിക ഇഴച്ചില്‍ മാത്രമല്ല, കൊളോണിയല്‍ മനസ്സിന് പിറകേ കോളനിവല്‍ക്കരിക്കപ്പെട്ട മനസ്സും ഇഴയുന്നുണ്ട്. കൊളോണിയലിസം ഈ അകലത്തെ അളക്കുന്നത് നൂറ്റാണ്ടുകളിലാണ്. മേതില്‍ സൗജന്യ പൂര്‍വ്വം മലയാളിക്ക് അനുവദിച്ചത് കാല്‍ നൂറ്റാണ്ടിന്റെ അകലമാണ്. മലയാളി നാടുവാഴിത്ത ഘോഷണത്തിന്റെ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്താല്‍ അത് എത്രയോ ജന്മങ്ങളുടെ അകലമായിരിക്കും. ( ജന്മാന്തരം മലയാളിക്ക് ഇഷ്ടമുള്ള സാഹിത്യ വാക്കാണ്. എത്ര ജന്മങ്ങള്‍ കഴിയണം അവിടെ എത്താന്‍ എന്ന താപമാണ് ആ യാത്രകള്‍).
മേതില്‍ വലിയ എഴുത്തുകാരനാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിനും ആരാധകര്‍ക്കും അവകാശമുണ്ട്. അത് എന്റെ വിഷയമല്ല, ഈ കുറിപ്പിന്റെയും. പക്ഷേ മേതിലിലേക്ക് എത്താനുള്ള ഓട്ടമായി മലയാള സാഹിത്യത്തെ അടയാളപ്പെടുത്തുമ്പോള്‍ , അതിന്റെ ന്യായീകരണ സ്തുതികള്‍ വായിക്കുമ്പോള്‍ വ്യക്തിപരമായി വലിയ അറപ്പു തോന്നുന്നു , ആ ഓടുന്നവരുടെ കൂട്ടത്തില്‍ ഇല്ല എന്ന് പറയണം എന്നും തോന്നുന്നു.
പുലര്‍ച്ചെ മൂന്നു മണിക്കൊക്കെ എണീറ്റ് കൈ നീട്ടിയാല്‍ കൂടെ വരുന്നവരാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ , സിംബോഴ്‌സ്‌ക , ബ്രെഹ്റ്റ്, നാരായണ ഗുരു ….. ഇവരോടൊപ്പമെത്താന്‍ എനിക്ക് ഓടേണ്ടി വന്നിട്ടില്ല, എനിക്കു വേണ്ടി അവര്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്നും തോന്നിയിട്ടില്ല. വിളിച്ചാല്‍ വിളിപ്പുറത്തെന്ന പോലെ അവരുണ്ട്, ഉണ്ടാകും എന്ന വിശ്വാസമുണ്ട്. ഇവരൊക്കെ വലിയ എഴുത്തുകാരാണോ എന്നത് എനിക്കറിയില്ല, അതിന്റെ ആവശ്യവുമില്ല. നമ്മുടെ ഇഷ്ടങ്ങള്‍ ആരെയും വലിയവരാക്കുന്നില്ല , അനിഷ്ടങ്ങള്‍ ആരെയും ചെറിയവരും ആക്കുന്നില്ല. എഴുത്തും വായനയുമൊക്കെ മനുഷ്യരിലേക്കും പ്രപഞ്ചത്തിലേക്കും എത്താനുള്ള യാത്രകള്‍ മാത്രം.
എഴുതുന്ന എഴുത്തുകാര്‍, എഴുത്തു നിര്‍ത്തിയ എഴുത്തുകാര്‍ എന്നൊക്കെ പറയുമ്പോള്‍ , എഴുതാത്ത എഴുത്തുകാര്‍ കൂടിയുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. നമ്മുടെ ലോകത്ത് അങ്ങിനെയും ചിലര്‍ ഉണ്ട്.
ഫ്രെഞ്ച് ചിന്തകരായ ലൂയി ആല്‍ത്തൂസര്‍ , മിഷേല്‍ ഫൂക്കോ തുടങ്ങിയവരുടെ എഴുത്തുകളില്‍ വരുന്ന ഒരു പേരാണ് ജാക്വിസ് മാര്‍ട്ടിന്‍. ജാക്വിസ് മാര്‍ട്ടിന്‍ പുസ്തകങ്ങള്‍ ഒന്നും എഴുതിയില്ല. പക്ഷേ ആല്‍ത്തൂസറിന്റേയും ഫൂക്കോയുടേയും പ്രധാന ധൈഷണിക സ്വാധീനങ്ങളില്‍ ഒന്ന് ജാക്വിസ് മാര്‍ട്ടിന്‍ ആയിരുന്നു. ആല്‍ത്തൂസര്‍ ഒരിടത്ത് അദ്ദേഹത്തെ വിശേഷിപ്പിച്ചത് an author without a work , കൃതിയില്ലാത്ത കര്‍ത്താവ് , എഴുതാത്ത എഴുത്തുകാരന്‍ എന്നാണ്. ജാക്വിസ് മാര്‍ട്ടിന്‍ ഉന്മാദിയായിരുന്നു , സ്‌കിസോഫ്രനിയ രോഗിയായിരുന്നു , പിന്നീട് ആത്മഹത്യ ചെയ്തു. ആല്‍ത്തൂസര്‍ തന്റെ FOR MARX എന്ന വിഖ്യാതമായ കൃതി സമര്‍പ്പിച്ചിരിക്കുന്നത് എഴുതാതെ പോയ ഈ എഴുത്തുകാരനാണ്.
ആല്‍ത്തൂസറിന്റെ സമര്‍പ്പണ കുറിപ്പാണ് താഴെ:
These pages are dedicated
to the memory of Jacques Martin,
the friend
who, in the most terrible ordeal,
alone
discovered the road to
Marx’s philosophy
- and guided me onto it.
L.A.