കൂറുമാറ്റത്തിന്‍റെ ഈറ്റില്ലത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം നീറിപ്പുകയുന്നു: ബീഹാറിൽ ലോക് ജനശക്തി പാർട്ടിയിലെ പരസ്-ചിരാഗ് സംഘട്ടനം എൻഡിഎ യിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു

Opinions

ഭരത് കൈപ്പാറേടൻ

പാറ്റ്ന : ബീഹാറിൽ ആകെ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ വിജയം നേടിയ എൻഡിഎ 39 സീറ്റുകൾ അക്കുറി കൊയ്തെടുത്തു.

കോൺഗ്രസിന് കിഷൻഗഞ്ച് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ആർ ജെ ഡി വട്ടപ്പൂജ്യമായി. ഉറപ്പുണ്ടായിരുന്ന ശക്തികേന്ദ്രങ്ങളിൽ പോലും സിപി ഐ പരാജയപ്പെട്ടു. സിപിഐ എം – എൽ – ഉം സ്വതവേ ദുർബലരായ സിപിഎം-ഉം ക്ലീൻ ഔട്ടായി.

അക്കുറി ചിരാഗ് പാസ്വാൻറെ കീഴിൽ ഒറ്റക്കെട്ടായി മത്സരിച്ച എൽജെപിക്കു ആറു സീറ്റുകൾ ലഭിച്ചിരുന്നു.

പക്ഷെ അധികം വൈകാതെ പാർട്ടി രണ്ടായി പിളർന്നു. രാം വിലാസ് പാസ്വാൻറെ സഹോദരനും ഒരു ഗ്രൂപ്പിന്റെ നേതാവുമായ പശുപതി കുമാർ പരാസ് കേന്ദ്രമന്ത്രിയായി.

ലോക്‌സഭാ രേഖകൾ പ്രകാരം പരാസിന്റെ പാർട്ടിയായ ആർ-എൽജെപിക്ക് അഞ്ച് എംപിമാരുണ്ട്. മറ്റൊരു വിഭാഗമായ എൽജെപിയുടെ (ആർഎ)യുടെ ഏക എംപിയാണ് ചിരാഗ് പാസ്വാൻ.

ബിജെപി ഇതിൽ ഏത് വിഭാഗത്തെയാണ് യഥാർത്ഥ പാർട്ടിയായി കണക്കാക്കി സീറ്റ് വിഭജിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

അതിനാൽ ഇരു ഗ്രൂപ്പുകളിലെയും എംപിമാർ ഏത് സീറ്റിൽ ആരോടൊപ്പം മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഉറപ്പുള്ളത് രണ്ടു പേരുടെ കാര്യത്തിൽ മാത്രം – ചിരാഗ് പാസ്വാന്റെയും പശുപതി കുമാർ പരാസിന്റെയും. ഇവർ തമ്മിലാകട്ടെ അടുക്കാനാവാത്തവിധം കടുത്ത പകയിലുമാണ്

രണ്ടുപേരും ഹാജിപൂർ സീറ്റിനുവേണ്ടി ഒരു പോലെ വാശിപിടിച്ചു നിൽക്കുന്നതാണ് ബിജെപിയെ കുഴയ്ക്കുന്നത്. ജാമുയിയിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് ചിരാഗ്. നിലവിൽ പരാസിൻ്റെ സിറ്റിംഗ് സീറ്റാണ് ഹാജിപൂർ.

രണ്ട് ഗ്രൂപ്പുകളിലെയും ശേഷിക്കുന്ന നാല് എംപിമാർ – വീണാദേവി, ചന്ദൻ സിംഗ്, പ്രിൻസ് രാജ്, മെഹബൂബ് അലി ഖൈസർ എന്നിവർ ആരുടെ കൂടെ നിന്നാൾ സീറ്റുകിട്ടും എന്നകാര്യത്തിൽ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.

മറ്റൊരു പ്രധാന വെല്ലുവിളി കഴിഞ്ഞ തവണ ജെഡിയു ടിക്കറ്റിൽ സീതാമർഹിയിൽ നിന്ന് വിജയിച്ച സുനിൽകുമാർ പിൻ്റുവിന്റെ സ്ഥാനാർത്ഥിത്വമാണ്.

ഇയാൾ ഇടയ്ക്കു ബിജെപിയിലേക്ക് കൂറ് മാറിയിരുന്നു. സീതാമർഹിയിൽ ജെഡിയു അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. പിന്റുവിനെ എവിടെ അക്കമ്മൊ ഡേറ്റുചെയ്യുമെന്ന കാര്യത്തിൽ ബിജെപി യിൽത്തന്നെ ആശയക്കുഴപ്പമുണ്ട്.