വടക്കേ മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളും ആരാധനാലയങ്ങളിലെ ജാതി വിവേചനവും

Opinions

നിരീക്ഷണം / ടി കെ ഉമ്മര്‍

(മലബാറിലെ മത, ജാതി, പാര്‍ട്ടി വിഭാഗങ്ങള്‍ എങ്ങിനെ അവിടുത്തെ സാമൂഹ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ
ടി കെ ഉമ്മര്‍ )

ന്ത്രിയോടുള്ള അയിത്ത വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പയ്യന്നൂരിനെക്കുറിച്ച് പലരും ചോദിക്കുന്നു. ഗാന്ധിജി വന്ന സ്ഥലമാണ്. രണ്ടാം ബര്‍ദ്ദോളി എന്നു വിളിപ്പേരുള്ള ഇടം. ജാതീയത അതിരൂക്ഷമായിരുന്ന ഈ പ്രദേശമാണ് ആനന്ദതീര്‍ഥന്‍ തന്‍റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത്. സവര്‍ണരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ഖാദി പ്രസ്ഥാനത്തിന്‍റെയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെയും ശക്തികേന്ദ്രം. അതേസമയം ഇന്നും അസ്സല്‍ ജാതിക്കൂട്ടങ്ങളുടെ സ്ഥലം തന്നെയാണ് പയ്യന്നൂരും പരിസരങ്ങളും.

കണ്ണൂര്‍ ജില്ലയിലെ ജാതിഘടനകള്‍ ഒരു പോലെയല്ല. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ ശക്തമായ സ്വാധീനം ഉള്ള തലശേരിയിലാണ് ജാതിചിന്ത താരതമ്യേന ഏറ്റവും കുറഞ്ഞ ഇടം. തിയ്യ സമൂഹത്തിനാണ് ആധിപത്യമെങ്കിലും ജാതിയുടെ പേരിലുള്ള ഉല്‍ക്കര്‍ഷതയോ അപകര്‍ഷതയോ ജില്ലയില്‍ ഏറ്റവും കുറഞ്ഞ ഇടമാണത്. ഹിന്ദുമുസ്ലിം കൃസ്ത്യന്‍ സമൂഹങ്ങളുടെ ഒരു കലര്‍പ്പ് തലശ്ശേരിക്കുണ്ട്. സംഘപരിവാരം അതിന് ഏറെ പരിക്കേല്‍പ്പിട്ടുണ്ടെങ്കിലും. തലശ്ശേരിക്കപ്പുറം കണ്ണൂര്‍ പക്ഷേ തിയ്യആധിപത്യമുള്ള ഇടമാണ്.

സവര്‍ണരെ പോലെ തന്നെ ജാത്യാഭിമാനം അവര്‍ വെച്ചു പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്. പയ്യന്നൂരും അതിനു വടക്കുമെല്ലാം ആന്തരികമായി ജാതിസംഘങ്ങളുടെ ആധിപത്യമാണ്. പയ്യന്നൂര്‍ പ്രദേശങ്ങളെക്കുറിച്ചു പറഞ്ഞാല്‍ തിയ്യ ആണ് പ്രബല സമുദായം. പിന്നാലെ വാണിയസമുദായവും മണിയാണി സമുദായവുമുണ്ട്. ദളിതരോടുള്ള വിവേചനം വളരെ കൂടുതലുള്ള ഇടങ്ങള്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സ്വാധീനശക്തികേന്ദ്രങ്ങളായ വടക്കന്‍ കേരളമാണെന്നു പറഞ്ഞാല്‍ പലരും നെറ്റിചുളിച്ചേക്കും. ഒരൊറ്റ ചോദ്യത്തിലൂടെ അതിനുത്തരം കിട്ടും. എന്തുകൊണ്ട് കണ്ണൂരിനും പയ്യന്നൂരിനുമിടയില്‍ പല പല പോക്കറ്റുകളില്‍ ദളിത് സമൂഹം കൂട്ടമായി കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തി ? വലിയ പഠനം ആവശ്യമുള്ള മേഖലയാണത്. ഒരു സമുദായം അവരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുന്നത് അത്രമേല്‍ വിവേചനം അനുഭവിക്കേണ്ടി വന്നതു കൊണ്ടാവില്ലേ?

1994 ല്‍ ഏഴോത്ത് പുലയ സമുദായക്കാരന്‍റെ വീട്ടില്‍ തെയ്യം കെട്ടിയതിന് രാമപ്പെരുവണ്ണാനെ തിയ്യസമുദായം ഊരു വിലക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. മകന്‍ മുസ്ലിമിനെ വിവാഹം കഴിച്ചു എന്നതിന്‍റെ പേരില്‍ പൂരക്കളി പണിക്കരെ വിലക്കിയത് കഴിഞ്ഞ വര്‍ഷമാണ്. അതും സമരഭൂമിയായ കരിവെള്ളൂരില്‍. തെയ്യത്തിന് വടക്കന്‍ മണ്ണില്‍ വലിയ പ്രാധാന്യമുണ്ട്. ആ വേഷമഴിച്ചാല്‍ അവര്‍ക്ക് ബഹുമാനം പോകട്ടെ തുല്യത പോലും സമൂഹം നല്‍കാറില്ല എന്നതാണ് സത്യം. അവര്‍ണര്‍ക്കു വേണ്ടി നിലകൊണ്ട ആനന്ദതീര്‍ഥനെക്കുറിച്ച് നമുക്കറിയാം. സ്വാതന്ത്ര്യസമര കാലത്ത് ഹരിജനങ്ങളെ വഴി നടത്തിയതിന്‍റെ പേരില്‍ പയ്യന്നൂരിലെ കണ്ടോത്ത് വെച്ച് കേരളീയനും എ കെ. ജിക്കും ക്രൂരമായ മര്‍ദ്ദനമേല്‍ക്കുന്നതും നമുക്കറിയാം. തിയ്യ സമുദായത്തിലെ കൂലിത്തല്ലിന് ഏല്‍പ്പിക്കപ്പെട്ടവര്‍ക്ക് തീയ്യാണക്കന്‍ എന്ന സ്ഥാനം പണ്ട് നാടുവാഴികള്‍ കല്‍പ്പിച്ചു കൊടുത്തിരുന്നു എന്ന് പഴമക്കാര്‍ക്കറിയാം. (രസകരമായ കാര്യം തീയ്യ സമുദായത്തില്‍ പെട്ട ഒരാള്‍ സവര്‍ണന്‍റെ കുളത്തില്‍ കുളിച്ചാല്‍ സവര്‍ണനുവേണ്ടി ഇവര്‍ സ്വന്തം സമുദായക്കാരെ തല്ലേണ്ടി വരുന്നു എന്നതാണ്).

പയ്യന്നൂരിന്റെ അവസ്ഥ അറിഞ്ഞാണ് ആനന്ദതീര്‍ഥന്‍ തന്‍റെ പ്രവര്‍ത്തന മണ്ഡലമായി അവിടം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഫാദര്‍ കൈറോണി എന്ന ഇറ്റാലിയന്‍ മിഷനറിയെക്കുറിച്ച് എത്ര പേര്‍ കേട്ടിട്ടുണ്ടാവും? പഴയങ്ങാടിക്കടുത്ത പ്രദേശങ്ങളില്‍ 1940 കളില്‍ പുലയ സമുദായക്കാരെ ചായക്കടകളില്‍ കയറ്റിയിരുന്നില്ല. അവരെ നിര്‍ബന്ധിച്ച് കയറ്റി, ചായ കൊടുത്തില്ലെങ്കില്‍ ജയിലിലാക്കുമെന്നും ബ്രിട്ടീഷ് നിയമമാണിവിടെ ഉള്ളതെന്നും ചായക്കടക്കാരെ ഭീഷണിപ്പെടുത്തിയ ഫാദര്‍ കൈറോണിയെ ആരെങ്കിലും ഓര്‍ക്കുന്നോ ?. അദ്ദേഹത്തിനു പിന്നാലെ വന്ന ഫാദര്‍ ടഫറേല്‍ , ഫാദര്‍ മൊന്തയാനി, ഫാദര്‍ സുക്കോള്‍ അവരുടെ പ്രവര്‍ത്തനങ്ങളൊന്നും നമ്മുടെ പൊതു ചരിത്രത്തിന്റെ ഭാഗമാകുന്നില്ല. അവര്‍ക്ക് ഭൂമി നല്‍കി, കൈത്തൊഴിലുകള്‍ പഠിപ്പിച്ചു , സാമൂഹികാംഗീകാരം ഉണ്ടാക്കാന്‍ ശ്രമിച്ചത് മിഷനറിമാരാണ്. എന്നാല്‍ ഇന്നും തൊട്ടുമുകളിലെ സമുദായങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ അവര്‍ക്കു വേണ്ടി എന്തു ചെയ്തു എന്നത് അന്വേഷിക്കാവുന്നതാണ്. അവരെ മനുഷ്യരായി പരിഗണിച്ചത് മിഷനറിമാരാണ്. (മിഷനറിമാരെക്കുറിച്ച് മതം മാറ്റാന്‍ വന്ന തട്ടിപ്പുകാര്‍ എന്ന പൊതുബോധമാണ് സമൂഹത്തിലുള്ളത്. ഇവരെയും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണെന്ന് മുഖ്യധാരയ്ക്ക് തോന്നാറില്ല. ഡയസ് ഹ്യൂബര്‍ട്ടിന്‍റെ ഉമശ Dais Hubert ചിറക്കല്‍ മിഷന്‍റെ ചരിത്രം എന്ന ഗ്രന്ഥം ഇത്തരം തമസ്‌കരണങ്ങള്‍ക്കുള്ള മറുപടിയാണ്. അശോകന്‍റെ ആവര്‍ത്തന പുസ്തകം എന്ന നോവലിലും ഫാദര്‍ കയ്‌റോണി മുഖ്യ കഥാപാത്രമായി വരുന്നുണ്ട്. )

ബ്രാഹ്മണര്‍, നായര്‍ , മുസ്ലിം തുടങ്ങിയ സമുദായങ്ങളെക്കാള്‍ തിയ്യ സമുദായത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിവേചനം ദളിതര്‍ നേരിട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സത്യത്തില്‍ താഴെത്തട്ടിലെ മനുഷ്യര്‍ക്കൊപ്പം നില്‍ക്കേണ്ടവരായിരുന്നു അവര്‍. ക്രിസ്തു മതത്തിലേക്കു പരിവര്‍ത്തനം ചെയ്തിട്ടും ആ സമുദായങ്ങളോടുള്ള മനോഭാവത്തില്‍ ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല.

പുറമെ നിന്ന് വന്നതു കൊണ്ടു മാത്രമാണ് ജാതീയത എത്ര മനുഷ്യവിരുദ്ധമായ മനോഭാവമാണെന്നു ആ ഇറ്റാലിയന്‍ മിഷനറിമാര്‍ക്ക് തിരിച്ചറിയാനായത്. ഇവിടെ ജാതിശീലങ്ങളിലേക്കാണ് നാമെല്ലാം ജനിച്ചു വീഴുന്നത്. അതുകൊണ്ട് വിവേചനപരമായ മനോഭാവം ഓരോ ജാതിക്കാരനും വളരെ സ്വാഭാവികമായി മാത്രമേ തോന്നൂ. തങ്ങള്‍ നേരിടുന്ന വിവേചനത്തെ അനീതിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ തങ്ങള്‍ നടത്തുന്ന വിവേചനം സ്വാഭാവികമായി തോന്നുകയും ചെയ്യും. ഉദാഹരണത്തിന് വാണിയ സമുദായങ്ങളുടെ മുച്ചിലോട്ടു കളിയാട്ടങ്ങളില്‍ ഭക്ഷണമൊരുക്കാന്‍ നൂറുക്കണക്കിനാളുകള്‍ വേണം. പക്ഷേ പാചകം ആ സമുദായക്കാര്‍ മാത്രമാണ്.

ആചാരത്തിന്റെ കണക്കില്‍ പെടുന്ന ശുദ്ധിവാദം തന്നെ. അവിടെ അടുത്ത കാലത്തായി ചില മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. തിയ്യ വിഭാഗത്തില്‍ നിന്ന്. അരിച്ചാക്കും ഉള്ളിച്ചാക്കും ചുമക്കാന്‍ ഞങ്ങളും പാചകത്തിന് നിങ്ങള്‍ മാത്രവും എന്നതില്‍ ചെറിയൊരു അയിത്തം പ്രവര്‍ത്തിക്കുന്നില്ലേ എന്ന രീതിയില്‍. അതേ തിയ്യ സമുദായം പുലയ സമുദായത്തെ എന്തെങ്കിലും കാര്യത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യം അവരില്‍ നിന്ന് ഉയരുകയേയില്ല. മിക്കവാറും ആദ്യകാലത്ത് ദലിതരുടെ ആഘോഷങ്ങളില്‍ മറ്റു സമുദായക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവരുടെ ഭക്ഷണം കഴിച്ചിരുന്നില്ല. അടുത്ത കാലത്ത് അവരുടെ കോട്ടങ്ങളുടെ നവീകരണങ്ങളില്‍ മറ്റു സമുദായങ്ങളുടെ പ്രാതിനിധ്യമുണ്ടാകുന്നുണ്ട്.

കാറ്ററിങ്ങ്കാരോ എല്ലാ സമുദായങ്ങളും ഉള്‍പ്പെട്ട കമ്മറ്റിയോ ചേര്‍ന്ന് ഭക്ഷണം തയ്യാറാക്കുന്നതു കൊണ്ടു കൂടിയാവണം ഈ കൂട്ടായ്മ ഉണ്ടായി വന്നത്. ജാതീയമായ ശക്തിപ്രകടനങ്ങളുടെ അടിസ്ഥാനം ഉത്സവങ്ങളും വര്‍ഷങ്ങളുടെ ഇടവേളകളില്‍ വരുന്ന പെരുങ്കളിയാട്ടങ്ങളും അവയുമായി ബന്ധപ്പെട്ടു വരുന്ന ആചാരങ്ങളുമാണ്. വലിയ പണവും സംഘാടനവും ആവശ്യമുള്ള ഇത്തരമിടങ്ങളില്‍ ജാത്യാഭിമാനങ്ങളുടെ കൊടി കൂടിയാണ് ഉയരുന്നത്. സാമുദായത്തിലെ അംഗങ്ങളുടെ ഒന്നിച്ചു ചേരലിനും ജാതിബന്ധം ഉറപ്പിക്കുന്നതിലും ഏറ്റവും വലിയ പങ്കു വഹിക്കുന്നത് ഇത്തരം ആഘോഷങ്ങളാണ്. അടിത്തട്ടില്‍ ജാതി കൂട്ടായ്മയാണെങ്കിലും പുറമെ അതിന്റെ സംഘാടനത്തില്‍ ദളിത് ഒഴികെ മറ്റെല്ലാവരുടെയും പ്രാതിനിധ്യം ഉണ്ടാകാം. തെയ്യങ്ങളുടെ ഉല്‍പ്പത്തിക്കു പിന്നില്‍ സവര്‍ണതക്കെതിരെ പ്രതിഷേധിച്ച് ദൈവക്കരുവായിത്തീര്‍ന്ന റെബലുകളെക്കുറിച്ചുള്ള ജനതയുടെ ഓര്‍മ്മകളുണ്ട്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം അതേ തെയ്യക്കാവുകള്‍ ഇന്ന് ബ്രാഹ്മണ്യത്തിന് പരവതാനി വിരിക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു എന്നതാണ്.

ബ്രാഹ്മണര്‍ക്ക് പ്രത്യേക അധികാരങ്ങളും അവകാശങ്ങളും പലഘട്ടങ്ങളിലായി വന്നുചേര്‍ന്നു. ജാതിശ്രേണിയില്‍ നായര്‍ തുടങ്ങി ക്രമേണ താഴേക്കുള്ളവര്‍ തങ്ങളുടെ ആരാധനാരീതികളെ പതിയെ വൈദികാചാരങ്ങള്‍ക്ക് അടിയറ വെച്ചു, അഥവാ ബ്രാഹ്മണ്യത്തിന്റെ സമ്മിതി ബഹുമാനമായെണ്ണി. വളരെ മുമ്പ് തെയ്യങ്ങളെ ഏറ്റവും പ്രാകൃതമായി എണ്ണിയവരാണ് ബ്രാഹ്മണര്‍ എന്നോര്‍ക്കണം. മീനും കള്ളും സ്വീകരിക്കുന്ന മുത്തപ്പന്റെ മേല്‍ പോലും തന്ത്രികള്‍ ആധിപത്യം സ്ഥാപിക്കുന്ന അവസ്ഥ. പിന്നോക്കക്കാരുടെ പ്രശ്‌നംവെപ്പുകാരായ കണിശ സമുദായത്തില്‍ പെട്ടവര്‍ അപ്രസക്തരാവുകയും സവര്‍ണ ജ്യോതിഷികള്‍ രംഗം കൈയടക്കുകയും ചെയ്തു. അവരാണ് ബ്രാഹ്മണ്യത്തെ കാവുകളിലേക്കാനയിച്ചത്. വാര്‍ഷികമായ കളിയാട്ടങ്ങള്‍ കൂടാതെ വാര്‍ഷിക പുനപ്രതിഷ്ഠാ മഹോത്സവങ്ങള്‍ക്കും അത് തുടക്കം കുറിച്ചു. കൈതപ്രത്ത് കോടികള്‍ മുടക്കി നടത്തിയ സോമയാഗം മറ്റൊരരഥത്തില്‍ മറ്റു പെരുങ്കളിയാട്ടങ്ങള്‍ക്കെതിരെ ബ്രാഹ്മണാഭിമാനം ഉയര്‍ത്തിപ്പിടിക്കലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ യേശുദാസ് വന്നപ്പോള്‍ ബ്രാഹ്മണ സ്ത്രീകള്‍ക്കിരിക്കാന്‍ സ്ഥലം വേലികെട്ടിയൊരുക്കിയതും ചിലര്‍ ഓര്‍ക്കുന്നുണ്ടാവും.

ഒരു പക്ഷേ ലോകത്തിലെ ഏറ്റവും സുന്ദരമായ ദൈവസങ്കല്‍പ്പങ്ങളിലൊന്നാണ് തെയ്യങ്ങള്‍. മനുഷ്യരെ തൊട്ടാശ്വസിപ്പിക്കുന്ന ദൈവങ്ങള്‍. അസാധാരണമായ വാക്ചാതുര്യത്തോടെ, മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെയാണ് ഓരോ തെയ്യവും തന്റെ വിശ്വാസികളുടെ ആകുലതകള്‍ക്ക് സമാശ്വാസം നല്‍കുന്നത്. അസാമാന്യമായ കായികക്ഷമത ആവശ്യമുള്ളതുകൊണ്ടാകണം അടിത്തട്ടിലെ ചില സമുദായങ്ങളിലേക്ക് ഈ തൊഴില്‍ വന്നു ചേര്‍ന്നത്. അവര്‍ കെട്ടിയാടിയതു കൊണ്ടു മാത്രമാണ് മനുഷ്യരെ ഒരുമിപ്പിക്കുന്ന, ദുഃഖിതരെ സമാശ്വസിപ്പിക്കുന്ന ഉരിയാട്ടുകള്‍ അവരില്‍ നിന്നും ഉണ്ടായത്. പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് അന്നദാനം നല്‍കുന്ന കളിയാട്ടങ്ങളുടെ സംഘാടനം വലിയ മനുഷ്യാധ്വാനവും ചിട്ടയും ആവശ്യപ്പെടുന്ന ഒന്നാണ്. കമ്മറ്റിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ടാകാമെങ്കിലും സി.പി. എമ്മിന്റെ കേഡര്‍ സ്വഭാവമാണ് ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഇത്തരം ആഘോഷങ്ങള്‍ സാധ്യമാക്കുന്നത് എന്ന് നിസ്സംശയം പറയാവുന്നതാണ്. ഒരു സമുദായത്തിന്റെ കളിയാട്ടമാണെങ്കില്‍ ഓരോ കുടുംബത്തില്‍ നിന്നും ചെറുപ്പക്കാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ വീതിച്ചു കൊടുക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും ജാതി സമൂഹവും കേഡര്‍ സ്വഭാവം കൈവരിക്കുന്നുണ്ട്. ജാതി ബ്ലോക്കുകളെക്കുറിച്ചു പറഞ്ഞല്ലോ. കേരളത്തിലെവിടെയും ഉത്സവങ്ങള്‍ ഒരു പ്രദേശത്തിന്റേതാണെങ്കില്‍ ഇവിടെ അത് ജാത്യാഭിമാനത്തിന്റേതാണ് എന്നു നേരത്തേ സൂചിപ്പിച്ചു. ഉദാഹരണം പറയാം. വാണിയ സമുദായത്തിന്റെ മുച്ചിലോട്ട് പെരുങ്കളിയാട്ടം ഒരിടത്തു നടക്കുന്നു എന്നു വിചാരിക്കുക. അത് ആ പ്രദേശത്തിന്റെ ഉത്സവമെന്നതിനെക്കാള്‍ കാസര്‍കോഡു മുതല്‍ കണ്ണൂരു വരെയുള്ള വാണിയ സമുദായത്തെ ഒരുമിപ്പിക്കുന്ന ഒന്നായി അത് മാറുന്നുണ്ട്.
അതോടൊപ്പം ഈ പ്രദേശങ്ങളെല്ലാം പാര്‍ട്ടിഗ്രാമങ്ങളാണ് എന്ന കാര്യവും മറന്നുകൂടാത്തതാണ്. ആഘോഷങ്ങളും ആചാരങ്ങളും പാര്‍ട്ടിഭക്തിയും എല്ലാം സമാസമം ഒത്തുചേര്‍ന്ന ഒരു സമൂഹം കേരളത്തില്‍ വേറെയുണ്ടാവില്ല. വാണിയ, മണിയാണി സമുദായങ്ങള്‍ക്ക് ശക്തമായ കൂട്ടായ്മകളുണ്ട്. തീയ്യ സമുദായത്തിന് അത്തരത്തിലൊരു സംഘടനാരൂപം ഇല്ല. ഒരര്‍ഥത്തില്‍, ആ സംഘടനയുടെ കുറവ് പരിഹരിക്കുന്നത് പാര്‍ട്ടി തന്നെയാവാം. പലയിടത്തും പാര്‍ട്ടിയെ എതിര്‍ക്കുന്നത് സാമുദായത്തെ എതിര്‍ക്കുന്നതിന് തുല്യമാണ്.
മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കുഞ്ഞിമംഗലം മല്ലിയോട്ടു കാവില്‍ ഉയര്‍ന്നിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒന്ന് പുതുക്കിയപ്പോള്‍ അടുത്ത കാലത്ത് ചര്‍ച്ചയായതാണ്. മുമ്പ് അവിടെ ഉത്സവം കഴിയുന്നതിന്റെ അഞ്ചാം നാള്‍ വ്രതം അവസാനിക്കുന്ന ദിവസം മുസ്ലിം കച്ചവടക്കാര്‍ തെയ്യത്തെ വന്ന് തൊഴുകയും പുറത്ത് മീന്‍ ചന്ത നടത്തുകയും ചെയ്തിരുന്നു എന്ന് പഴമക്കാര്‍ക്കറിയാം. ഇന്നും ഹിന്ദു മുസ്ലിം ഐക്യം ആ പ്രദേശങ്ങളില്‍ ശക്തമാണ്. എന്നാല്‍ ഈ ബന്ധം അത്ര ദൃഢമല്ലാത്ത ഏറെ ഇടങ്ങള്‍ ഈ രണ്ടു ജില്ലകളിലുണ്ട്. മുസ്ലിം പോക്കറ്റുകള്‍ പൊതുവെ ലീഗിന്റെ ശക്തി കേന്ദ്രങ്ങളാണ്. അവിടങ്ങളില്‍ പൊതുവെ മുസ്ലിം വിരുദ്ധത ഹിന്ദു സമൂഹത്തിലും പാര്‍ട്ടിയിലും ഉണ്ട്. ഇടകലരാത്ത ഇടങ്ങളില്‍ പരസ്പരം അവിശ്വാസം നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിങ്ങളില്‍ ഏറ്റവും യാഥാസ്ഥിതികത പുലര്‍ത്തുന്നത് കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളിലാണ്. ഗള്‍ഫിന്റെ ഒരു പളപളപ്പിനപ്പുറം വിദ്യാഭ്യാസത്തിനോടോ അതിലൂടെ തൊഴില്‍ നേടുന്നതിനോ താല്പര്യപ്പെടാത്തവര്‍ ഏറെയുണ്ടു താനും. തളിപ്പറമ്പിനടുത്ത് അരിയില്‍ ഷുക്കൂര്‍ എന്ന കൗമാരക്കാരന്റെ കിരാതമായ വധത്തിനു പിന്നില്‍ രാഷ്ട്രീയം മാത്രമല്ല, ഞാന്‍ നേരത്തേ പറഞ്ഞ വിദ്വേഷം കൂടി കലര്‍ന്നിട്ടുണ്ട്. ഇതേ വിദ്വേഷം കണ്ണൂരിലെ ലീഗിലും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്ണൂരിലെ പാര്‍ട്ടിയില്‍ മറ്റൊരിടത്തുമില്ലാത്ത ഒരു സവിശേഷതയുണ്ട്. മറ്റുള്ള പാര്‍ട്ടികളോടുള്ള അന്ധമായ ശത്രുത. തങ്ങള്‍ ലോകം നന്നാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ബോധം. തങ്ങള്‍ക്കു മാത്രമാണ് ശരിയുടെ അട്ടിപ്പേറവകാശം എന്ന ഉറച്ചധാരണ. മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാത്ത ഒരു കിനാശ്ശേരിയാണ് അവരുടെ സ്വപ്നഭൂമി. സംഘ പരിവാരത്തിന്റെ മതവിദ്വേഷത്തിന് സമാനമായ രാഷ്ട്രീയ വിദ്വേഷം. വിവാഹാലോചനയില്‍ പോലും അത് കടന്നുവരും.
ഉത്സവം എന്നത് കൂടിച്ചേരലും കലരലുമാണ്. പുളിങ്ങോം മഖാം ഉറൂസ് പോലെ മുസ്ലിങ്ങള്‍ക്കും ഇത്തരം ആഘോഷങ്ങളുണ്ട്. അവിടെയും എല്ലാ ജാതിമതക്കാരുടെയും കലര്‍പ്പുണ്ട്. നോട്ടവും മുട്ടലും തട്ടലും ഉരുമ്മലുമെല്ലാം ഇത്തരം ആഘോഷങ്ങളില്‍ കണ്ടേക്കാം. അതില്‍ മറ്റുമതക്കാര്‍ ഇടപെടേണ്ട എന്ന കുറച്ചു പേരുടെ തലതിരിഞ്ഞ ചിന്തയാവാം അത്തരമൊരു ബോര്‍ഡിന്റെ പിറവിക്ക് കാരണമായത്. പുറം ലോകം അറിഞ്ഞതോടെ, വാര്‍ത്തയായതോടെ അത് മാറ്റേണ്ടത് പാര്‍ട്ടിയുടെ അഭിമാന പ്രശ്‌നമായി മാറിയതാണ്. കോണ്‍ഗ്രസിനും സംഘപരിവാറിനും പ്രത്യക്ഷത്തില്‍ വലിയ സ്വാധീനമില്ലെങ്കിലും അവരുടെ മര്‍മ്മറിങ്ങ് കാമ്പെയിന്‍ സി പി എമ്മിനെക്കാള്‍ ശക്തമാണ്. ജാതീയതയും വര്‍ഗീയതയും നന്നായി ഉപയോഗിക്കുന്നതിലൂടെ അടിത്തട്ടില്‍ വലിയ വിദ്വേഷം വിതയ്ക്കാന്‍ അവര്‍ക്കാവുന്നുണ്ട്. നമ്മള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഇവിടുത്തെ ലോക്കല്‍ സെക്രട്ടറി ഏതു ജാതി?, ഏരിയാ സെക്രട്ടറിയും എം എല്‍ എ യും ഏതു ജാതി തുടങ്ങിയ ചോദ്യങ്ങള്‍ കൊണ്ട് ജാത്യാഭിമാനത്തെ ഉണര്‍ത്താന്‍ കഴിയും. നായന്മാരും വാണിയരും മണിയാണിമാരും ജാതീയമായി സംഘടിക്കുന്നുണ്ട്, ഞങ്ങള്‍ക്കെന്തു കൊണ്ടായിക്കൂടാ എന്ന ചിന്ത തിയ്യ സമുദായത്തിലും ശക്തമാണ്. ഒരിക്കലും ടചഉജ ക്ക് ഇവിടെ സ്വാധീനം ചെലുത്താന്‍ കഴിയാത്തതിന് ഒരു കാരണം ഈഴവരെ തങ്ങളെക്കാള്‍ താഴെയായി കാണുന്നതു കൊണ്ടു കൂടിയാണ്. കുഞ്ഞിമംഗലത്തെ തിയ്യമഹാസഭയുടെ ഉദയം പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. സ്വന്തം തട്ടകത്തില്‍ ദോഷം ചെയ്യും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ബലം പ്രയോഗിച്ച് ആ ബോഡ് അഴിച്ചു മാറ്റി നാടിന്റെ പേരുദോഷം മാറ്റിയത്. തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ടുള്ള ധീരമായ പ്രവര്‍ത്തിയായിരുന്നു അത്.
കാസര്‍കോടു ഭാഗത്തെത്തുമ്പോള്‍ പിന്നോക്കക്കാരോടുള്ള മനോഭാവം കുറെക്കൂടി പ്രാകൃതമായി മാറുന്നുണ്ട്. കാസര്‍കോഡ് ജില്ലയിലെ ബദിയാറു ജഡാധാരി ക്ഷേത്രത്തില്‍ ഇന്നും പിന്നോക്കക്കാര്‍ക്ക് അയിത്തമുണ്ട്. 2018 ല്‍ ദളിത് സമുദായത്തില്‍ പെട്ട കൃഷ്ണ മോഹന എന്ന വ്യക്തി അമ്പലമുറ്റത്തേക്ക് കടന്നതോടെ ആ ക്ഷേത്രം സവര്‍ണര്‍ താഴിട്ടു പൂട്ടുകയുണ്ടായി. ക്ഷേത്രത്തില്‍ ഉച്ചക്ക് തുടങ്ങുന്ന അന്നദാനം ദളിത് സമുദായങ്ങള്‍ക്ക് ലഭിക്കുക രാത്രിയാണ്. അതും ക്ഷേത്രചുറ്റുവട്ടത്തിനു പുറത്ത്. ഇത് പരാതിയായപ്പോള്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കാമെന്ന ഒത്തു തീര്‍പ്പില്‍ ഒപ്പിട്ടു വന്നവര്‍ തന്നെ ക്ഷേത്രം പൂട്ടിയിടുകയായിരുന്നു.
കാസര്‍കോഡ് ജില്ലയില്‍ തന്നെ നല്‍ക്കത്തായ സമുദായക്കാര്‍ കെട്ടിയാടുന്ന തെയ്യത്തിന് മുറ്റത്തിന് പുറത്തു മാത്രമേ നില്‍ക്കാന്‍ അനുവാദമുള്ളു. ഈ വിവേചനം അവരെയും അലോസരപ്പെടുത്തുന്നുണ്ട്. ഏറ്റവും അടിത്തട്ടിലെ സമുദായങ്ങള്‍ക്ക് വടക്കേ മലബാറില്‍ വോട്ട് ബാങ്കാവാന്‍ മാത്രം ശക്തിയില്ല. അവര്‍ക്കിടയിലും ഐക്യമുണ്ടെന്നു പറയാനാവില്ല. പൊട്ടന്‍ തെയ്യം കെട്ടിയാടുന്ന മലയ സമുദായക്കാര്‍ അതേ തെയ്യം കെട്ടിയാടുന്ന പുലയരുടെ വീട്ടില്‍ നിന്നും മുമ്പ് ഭക്ഷണം കഴിച്ചിരുന്നില്ല. പുലയര്‍ക്കു വേണ്ടി മറ്റുള്ളവര്‍ തെയ്യം കെട്ടാന്‍ തയ്യാറാവാത്തതു കൊണ്ട് മറ്റു തെയ്യങ്ങളെ അനുകരിച്ച് അവര്‍ തെയ്യക്കോലങ്ങള്‍ സ്വന്തമായി രൂപപ്പെടുത്തുകയായിരുന്നു. ഇവിടുത്തെ ദളിത് സമുദായങ്ങള്‍ തെക്കന്‍ കേരളത്തിലെ പോലെ സംഘടിതരുമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അതുകൊണ്ടു തന്നെ പൊതുവെ അവരുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതില്‍ താല്പര്യം കാണിക്കാറുമില്ല.
ഈ ജില്ലകളില്‍ ജീവിച്ച പരിചയം കൊണ്ട് എഴുതിയ ഈ നിരീക്ഷണങ്ങള്‍ ആധികാരികം എന്നൊന്നും അഭിപ്രായമില്ല. ജാതിമതാതീതമായി ചിന്തിക്കുന്ന, രാഷ്ട്രീയമായി വളരെ പ്രബുദ്ധതയുള്ള ഒരു സമൂഹമാണ് ഇവിടെയുള്ളത് എന്ന പൊതുബോധത്തോട് പൊരുത്തപ്പെടാന്‍ ആവുന്നില്ല എന്നു മാത്രം. ശരിക്കും നമ്മുടെ കലാശാലകളിലെ ഗവേഷണങ്ങളില്‍ അടിത്തട്ടിലെ മനുഷ്യരുടെ ആവിഷ്‌കാരമായിരുന്ന തെയ്യങ്ങള്‍ മറ്റൊരു തലത്തില്‍ ജാതിസംഘാടനത്തിന്റെ ചാലകശക്തിയായി മാറിയതു പോലുള്ള പല സാമൂഹ്യവിഷയങ്ങളും ഉള്‍പ്പെട്ടിരുന്നെങ്കില്‍ നമ്മെത്തന്നെ കീറിമുറിച്ചു നോക്കാനുള്ള കണ്ണ് അത്തരം പഠനങ്ങള്‍ നല്‍കിയേനെ. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് നിങ്ങള്‍ക്ക് യോജിക്കാം. മാന്യമായി വിയോജിക്കാം. പുതിയ കൂട്ടിച്ചേര്‍ക്കലുകളുമാവാം.