കല്പറ്റ ഗതാഗതകുരുക്ക്: ലിങ്ക് റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ നടപടിയായി

Wayanad

കല്പറ്റ: നഗരത്തിലെ ഗതാഗതകുരുക്കൊഴിവാക്കാനായി നാല് ലിങ്ക് റോഡുകള്‍ അതിവേഗം ഗതാഗത യോഗ്യമാക്കാന്‍ നഗരസഭ നടപടി തുടങ്ങിയതായി ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു. മൈതാനി പള്ളിതാഴെ ഫാത്തിമ ഹോസ്പിറ്റല്‍ റോഡില്‍ പാലത്തിലൂടെയുള്ള യാത്ര അപകടമായതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചിരുന്നു. നഗരത്തില്‍ പ്രവേശിക്കാതെ സിവില്‍ സ്‌റ്റേഷനുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് എത്താനുള്ള ലിങ്ക് റോഡ് അടച്ചതോടെ ചെറിയ വാഹനങ്ങളടക്കം ദേശീയ പാതയിലൂടെ യാത്ര തുടങ്ങി. ഇത് കാരണം നഗരത്തിലെ ഗതാഗത കുരുക്ക് പതിവായി. നഗരസഭ അടിയന്തിര പ്രാധാന്യം നല്‍കി ഒരു കോടി രൂപ പാലം നിര്‍മ്മിക്കാനായി വകയിരുത്തി. കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജ് ടീമാണ് പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതിനാല്‍ ടെണ്ടര്‍ ഉടനെ നടക്കും.

ആനപ്പാലം എസ്.പി.ഓഫീസ് റോഡ്, ഗൂഡലായ് എമിലി റോഡ്, ഗൂഡലായ് ബൈപ്പാസ് റോഡ് ഒരു കോടി രൂപ ചെലവഴിച്ച് 3 റോഡുകള്‍ ഗതാഗത യോഗ്യമാക്കാനായി പി.ഡബ്ല്യു.ഡി അനുമതി നല്‍കിയിട്ടുണ്ട്. അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എയുടെ ശ്രമഫലമായി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.

ൃചുഴലി കുന്നമ്പറ്റ റോഡും ചുഴലി പാലവും നവീകരിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 24 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. സി.കെ.ശശീന്ദ്രന്‍ മുന്‍ എം.എല്‍.എ യുടെ ശ്രമഫലമായി അനുവദിച്ച പ്രസ്തുത റോഡും പൂര്‍ത്തിയാവുന്നതോടെ കല്പറ്റയിലെ ഗതാഗതം സുഗമമാവും.

നാല് ലിങ്ക് റോഡുകളുടെയും നവീകരികരണം വേഗത്തിലാക്കി ഗതാഗതം സുഗമമാക്കാനും കല്‍പ്പറ്റ നഗരത്തിലെയും ദേശീയ പാതയിലെയും ഗതാഗതകുരുക്ക് ഒഴിവാക്കാനുമുള്ള നടപടികള്‍ക്ക് അടിയന്തിര പ്രാധാന്യമെന്നും ചെയര്‍മാന്‍ പറഞ്ഞു.