കൊടുവള്ളി: അമ്മ ഉപേക്ഷിച്ച് പോവുകയും അച്ഛന്‍ ജീവനൊടുക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അനാഥരായ മൂന്ന് കുരുന്നുകള്‍ക്ക് കൈത്താങ്ങേകാന്‍ സുമനസ്സുകളുടെ സഹായം തേടി നാട്. കൊടുവള്ളി പൂവറമ്മല്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്താണ് അവര്‍ക്ക് അടച്ചുറപ്പുള്ള വീടും അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസച്ചെലവുമെല്ലാം ഒരുക്കാന്‍ ഒരു നാട് ഒന്നാകെ കൈകോര്‍ക്കുന്നത്.
പറക്കമുറ്റാത്ത കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാവുന്നത് വരെ അവരുടെ പരിപാലനമേറ്റെടുത്ത് സഹായം ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി കെ കെ അബ്ദുള്ള ചെയര്‍മാനും എം.ടി.രവി ജനറല്‍ കണ്‍വീനറും എം.ചെക്കുട്ടി ഖജാന്‍ജിയുമായി സുധീഷ് മക്കള്‍ സഹായ സമിതിയ്ക്ക് നാട്ടുകാര്‍ രൂപം നല്‍കി. എം.കെ.രാഘവന്‍ എം.പി, എം.കെ.മുനീര്‍ എം.എല്‍.എ, കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു എന്നിവര്‍ മുഖ്യരക്ഷാധികാരികളും കൗണ്‍സിലര്‍മാരായ ഷബീന നവാസ്, കെ.സി.സോജിത്ത്, ആയിഷ അബ്ദുള്ള, വായോളി മുഹമ്മദ്, അഹമ്മത് ഉനൈസ് എന്നിവര്‍ രക്ഷാധികാരികളുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.
‘സുധീഷ് മക്കള്‍ സഹായസമിതി ‘യുടെ പേരില്‍ കേരള ഗ്രാമീണ്‍ബാങ്ക് മാനിപുരം ശാഖയില്‍ 40137111000636 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി.കോഡ്: KLGB0040137. യു.പി.ഐ.ഐ.ഡി: 9188020495@cnrb.