മാത്തറ: ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി (ഇ മുറ്റം) യില്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളെ കൂടി കണ്ണി ചേര്‍ക്കുന്നതിനായി സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കും ഐ ടി ചുമതലയുള്ള അധ്യാപകര്‍ക്കും പരിശീലനം നല്‍കി. കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ, സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ് 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കൈറ്റിന്റെ (Kerala Infrastructure and Technology for Education) സഹായത്തോടെ ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരത പദ്ധതിയാണ് ഇമുറ്റം.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു മാസക്കാലമായി വാര്‍ഡ്തല കമ്മിറ്റി രൂപീകരിച്ചു സര്‍വ്വേ, ആര്‍ പി പരിശീലനം, ഡിജിറ്റല്‍ സാക്ഷരതാ പഠന ക്ലാസുകള്‍, വാര്‍ദ്ധക്യ സഹജമായ കാരണത്താല്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അവിടങ്ങളില്‍ ചെന്നുകൊണ്ടുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍, സ്വന്തമായ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പഠന പ്രകിയകള്‍
എല്ലാം തന്നെ എല്ലാ വാര്‍ഡുകളിലും സജീവമായി നടന്നുവരികയാണ്.
ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ യുപി, ഹൈസ്‌കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികളെയും നിലവില്‍ അവരുടെ ഐ ടി പഠന സിലബസ്സുമായി ബന്ധപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് തയ്യാറാക്കുന്ന പ്രത്യേകം മോഡ്യൂളിന്റെ സഹായത്തോടു കൂടി ഈ ഡിജിറ്റല്‍ സാക്ഷരതയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ രീതിയില്‍ നെറ്റ് സെര്‍ച്ചിംഗ് പരിശീലനം, ഉപരിപഠനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി അനിവാര്യമായും സംഘടിപ്പിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍,സര്‍ക്കാര്‍ രേഖകള്‍ അവരുടെ ദൈനംദിന ജീവിതത്തിലും ഭാവിയിലും ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നും മറ്റും ലഭ്യമാക്കേണ്ട രേഖകളും സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങള്‍, വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ സഹായിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, കൂടാതെ നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ചേക്കാവുന്ന തെറ്റായതും വഞ്ചിക്കപ്പെടാന്‍ സാധ്യത ഉള്ളതുമായ ചതിക്കുഴികളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്ന പരിശീലനവും ഈ പഠനപ്രക്രിയയുടെ മോഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്‌ളാസ്സുകള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് പഞ്ചായത്ത് തലത്തില്‍ പ്രത്യേകം മത്സരങ്ങള്‍ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കാനും തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ വിപുലമായി സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനത്തില്‍ വെച്ചാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക. കോഴിക്കോട് ജില്ലയില്‍ ആദ്യമായ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഒളവണ്ണ പഞ്ചായത്തിലാണ്. സപ്തംബറില്‍ പദ്ധതി പൂര്‍ത്തീകരിച്ച് പ്രഖ്യാപനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന അധ്യാപക പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ജയപ്രശാന്ത് ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കോഡിനേറ്റര്‍ യാസര്‍ അറഫാത്ത് പരിശീലനത്തിന് നേതൃത്വം നല്‍കി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ മിനി ആശംസ അര്‍പ്പിച്ചു.
സ്‌കൂളുകളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രക്ഷിതാക്കളെ പിടി എ യുടെ സഹകരണത്തോടെ ഡിജിറ്റല്‍ സാക്ഷരരാക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി പിടി എ എം പിടി എ ഭാരവാഹികളുടെ പ്രത്യേക കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി പ്രസിഡണ്ട് അഡ്വ.പി.ശാരുതി ഉല്‍ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ജില്ലാ കോര്‍ഡിനേറ്റര്‍ യാസര്‍ അറഫാത്ത് നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ കമ്മറ്റി അംഗം ഇ. രാമകൃഷ്ണന്‍ സംസാരിച്ചു.