ബി എം എച്ചില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയ; ഒമാനി ബാലികയ്ക്കും അമ്മയ്ക്കും പുതുജീവന്‍

Kozhikode

കോഴിക്കോട്: ഒമാനി ബാലികയ്ക്കും അമ്മയ്ക്കും അതിസങ്കീര്‍ണ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ പകര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി. ഒമാന്‍ ദമ്പതികളുടെ മകളായ ഷ്രോക് ആദില്‍ മൊഹമ്മദ് സെയ്ദ് അല്‍ അംറി (ഒന്‍പതു വയസ്) ജന്മനാ വൃക്കരോഗിയായിരുന്നു. വര്‍ഷങ്ങളോളമായി കുട്ടിയുടെ ആരോഗ്യം നിലനിര്‍ത്തിയിരുന്നത് ആഴ്ചയില്‍ മൂന്ന് തവണ എന്ന തോതില്‍ ഡയാലിസിസിലൂടെ ആയിരുന്നു. കുട്ടി വളര്‍ന്നു പ്രായം തികഞ്ഞപ്പോള്‍ അസുഖത്തിന്റെ ശാശ്വതപരിഹാരമായ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ എത്രയും വേഗം ചെയ്യേണ്ടതുണ്ട് എന്ന് ഒമാനിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെയാണ് മകള്‍ക്കു തന്റെ വൃക്ക നല്‍കുവാന്‍ നാല്‍പത്തൊന്നുകാരിയായ അമ്മ തയാറായത്.

(നാലുവര്‍ഷം മുന്‍പ് അവളുടെ സഹോദരിക്ക് അച്ഛന്റെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വഴി നല്‍കിയിരുന്നു) അതിന്റെ ഭാഗമായുള്ള പരിശോധനകളില്‍ അമ്മയുടെ വൃക്കയിലേക്കുള്ള ധമനിക്ക് വീക്കം (Renal Artery Aneurysm) കണ്ടെത്തിയത് വളരെ ആശങ്കാജനകമായിരുന്നു. ഇത് മൂലം സര്‍ജറിയുടെ റിസ്‌ക് കൂടുതലാണെന്നും കേരളം പോലുള്ള സ്ഥലത്തു ചികിത്സിക്കുന്നതാവും അഭികാമ്യമെന്നും ഒമാനിലെ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനെത്തുടര്‍ന്ന് നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചികിത്സയ്ക്കായി അവര്‍ കോഴിക്കോട് ബേബി മെമ്മോറിയില്‍ ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നത്.

‘അമ്മയുടെ ധമനി വീക്കം പരിഹരിച്ചിട്ടു വേണ്ടിയിരുന്നു ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍, അത് വളരെ സങ്കീര്‍ണമായിരുന്നതിനാല്‍ തന്നെ റിസ്‌ക് തീര്‍ച്ചയായും ഉണ്ടായിരുന്നു. ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടത്തി ‘സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. സുനില്‍ ജോര്‍ജ് പറഞ്ഞു. നിരവധി ആലോചനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്യാം എന്ന തീരുമാനം എടുത്തത്.

ഡോ.സുനില്‍ ജോര്‍ജ്, ഡോ. പൗലോസ് ചാലി, ഡോ. ഹരിലാല്‍ വി നമ്പ്യാര്‍, ഡോ. ഇ. കെ. രാംദാസ് എന്നിവര്‍ ഈ ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കി. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത അമ്മയും കുഞ്ഞും ഇപ്പോള്‍ സന്തോഷത്തോടിരിക്കുന്നു. സെപ്റ്റംബര്‍ എട്ടിനു ഒമാനിലേക്കു മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോള്‍.