കോഴിക്കോട്: ന്യൂനപക്ഷ രാഷ്ട്രീയ ശക്തിയെ തങ്ങളുടെ കുത്സിത താൽപര്യങ്ങൾക്ക് വേണ്ടി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
ആരോപണ പ്രത്യോരോപണങ്ങൾ നടത്തി മുസ്‌ലിം സംഘടിത ശക്തിയെ ദുർബലപ്പെടുത്തുന്നവർ തീവ്രചിന്തകൾ വെച്ചുപുലർത്തുന്നവർക്ക് വഴി മരുന്നിടുകയാണെന്നും ഇതിൽ നിന്നും ബന്ധപ്പെട്ട കക്ഷികൾ മാറി നിൽക്കണമെന്നും ഐ.എസ്.എം അഭിപ്രായപ്പെട്ടു.
പ്ലസ് ടു സീറ്റ് വിഷയത്തിൽ മലബാറിനോടുള്ള വിവേചനം പ്രതിഷേധാർഹമാണ്. മേഖലയിലെ പ്രധാന മത വിഭാഗമായ മുസ് ലിം സമൂഹത്തിലെ വിജയ ശതമാനത്തെ നിർമ്മാണാത്മകമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും ഈ വിഷയത്തിൽ അവഗണന തുടരുന്നത് ദൗർഭാഗ്യകരമാണെന്നും യോഗം വിലയിരുത്തി.
പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ഷുക്കൂർ സ്വലാഹി, ഭാരവാഹികളായ കെ.എം.എ അസീസ്, ബരീർ അസ് ലം , ഡോ: ജംഷീർ ഫാറൂഖി, റഹ് മത്തുല്ല സ്വലാഹി, ആദിൽ അത്വീഫ് സ്വലാഹി,ജലീൽ മാമാങ്കര, ഷാഹിദ് മുസ് ലിം ഫാറൂഖി സംസാരിച്ചു.