കോഴിക്കോട്: ദേശീയ തലത്തിലുള്ള ഡ്രോണ്‍ വികസന മത്സരത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ എയറോഅണ്‍വയര്‍ഡ് ക്ലബ്ബിന്റെ ഭാഗമായ ഒമ്പത് വിദ്യാര്‍ത്ഥികളടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. മെഡിക്കല്‍ അത്യാഹിത ഘട്ടങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ വികസിപ്പിച്ചാണ് എന്‍ ഐ ടി സി വിദ്യാര്‍ത്ഥികള്‍ അഭിമാന നേട്ടം കരസ്ഥമാക്കിയത്.
സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് (എസ് എ ഇ ) ഇന്ത്യ ദേശീയ തലത്തില്‍നടത്തിയ ആള്‍ ഇന്ത്യ ഓട്ടോണമസ് ഡ്രോണ്‍ ഡെവലപ്‌മെന്റ്2023 മത്സരത്തില്‍ ആണ് എന്‍ ഐ ടി സി യിലെ എയറോമോഡലിംഗ് ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ മികച്ച ഡിസൈന്‍ റിപ്പോര്‍ട്ട് അവാര്‍ഡ് കരസ്ഥമാക്കിയത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നായി 42 ടീമുകള്‍ പങ്കെടുത്തു.
അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യരക്ഷാ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായുള്ള ഒരു സ്വയംനിയന്ത്രിത ഡ്രോണ്‍ ആണ് മത്സരത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തങ്ങള്‍ വികസിപ്പിച്ചെടുത്തത് എന്ന് ടീമംഗമായ ആയുഷ് സിങ് പറഞ്ഞു. മെഡിക്കല്‍ അത്യാഹിത ഘട്ടങ്ങളില്‍ ഒരു കിലോഗ്രാം വരെ ഭാരമുള്ള മെഡിക്കല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് സ്വയംനിയന്ത്രണശേഷിയുള്ള ഡ്രോണ്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുക എന്നതായിരുന്നു എസ് എ ഇ നടത്തിയ മത്സരത്തിന്റെ ലക്ഷ്യം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുഷ് സിംഗ്, ഹിമാന്‍ഷു ദുഡി, സിറിയക് ജോയ്, നവീന്‍ സുനില്‍, കോമള്‍ സിംഗ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, അരുണ്‍ എസ്.കെ, അനുരാഗ് ഭട്ട് എന്നിവരടങ്ങിയ ടീമാണ് മത്സരത്തില്‍ വിജയികളായത്. വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിദൂരമായി പൈലറ്റുചെയ്ത റോട്ടറി വിംഗ് ഡ്രോണ്‍ എന്ന ആശയം ഉള്‍ക്കൊള്ളാനും രൂപകല്‍പ്പന ചെയ്യാനും വികസിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതിനായാണ് സംഘാടകര്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.