കണ്ണൂര്‍: അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ സുപ്രിം കോടതിയെ സമീപിച്ചതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് വധഭീഷണി. മൃഗസ്‌നേഹികള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം അടക്കം ഉള്‍പ്പെടുത്തി പിപി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. തെരുവുനായയുടെ ആക്രമണത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. നിരവധി പേര്‍ക്ക് നായയുടെ കടിയേല്‍ക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടി പി പി ദിവ്യ കോടതിയെ സമീപിച്ചത്.
തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി പറഞ്ഞു. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കിടെയാണ് പരാമര്‍ശം ഉണ്ടായത്. ഹര്‍ജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ ജൂലായ് ഏഴിനകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പട്ടിസ്‌നേഹികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വധഭീഷണി മുഴക്കിയത്.