കല്പറ്റ: സ്‌കൂള്‍ പോഷകാഹാരത്തോട്ടം പരിപാടിയുടെ ഭാഗമായുള്ള അധ്യാപക പരിശീലനം എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ ആരംഭിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, നബാര്‍ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രാദേശിക ഭക്ഷ്യ വിളവൈവിധ്യത്തിന്റെ സംരക്ഷണം, പ്രാദേശിക ഭക്ഷ്യവിളകളെ കുറിച്ചുള്ള പോഷക അവബോധം, വൈവിധ്യവും പോഷകസമ്പുഷ്ടവുമായ വിളകള്‍ നാട്ടുപരിപാലിക്കല്‍, കാലാവസ്ഥ അനുരൂപീകരണ കൃഷി ബോധവത്കരണം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു ജില്ലയിലെ തിരഞ്ഞെടുത്ത 10 വിദ്യാലയങ്ങളില്‍ ആണ് പദ്ധതി നടപ്പിലാക്കുക.
സ്‌കൂളില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പോഷകാഹാരത്തോട്ട മാതൃക തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പുരയിടങ്ങളിലേക്കും പകര്‍ത്താനും, മറ്റു സ്‌കൂളുകളിക്കുകൂടി വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു.
പ്രാദേശിക വിളവൈവിധ്യത്തിന്റെ ഭാഗമായ ഇലവര്ഗങ്ങള്, പച്ചക്കറികള്‍, പഴവര്ഗങ്ങള്, കിഴങ്ങുവിളകള്‍, ചെറുധാന്യങ്ങള്‍, പയറിനങ്ങള്‍ തുടങ്ങി 32 ഇനം പോഷകസമ്പുഷ്ടമായ വിളകളാണ് എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയം രൂപകല്‍പന ചെയ്ത പോഷകാഹാരതോട്ടത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്.
എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സയന്റിസ്‌റ് ജോസഫ് ജോണ്‍ പരിപാടിക്ക് സ്വാഗതം അറിയിച്ചു. ഡോ അര്‍ച്ചന ഭട്ട്, ഡോ വിപിന്‍ ദാസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.