ശങ്കരൻ ബേക്കറിക്ക് ലഭിച്ച അവാർഡ് റിഷിൽ ഏറ്റുവാങ്ങി

Thiruvananthapuram

തിരുവനന്തപുരം : കോഴിക്കോട് മിഠായിത്തെരുവിലെ നൂറ് വർഷത്തോളമായ ശങ്കരൻ ബേക്കറിക്ക് ലഭിച്ച അവാർഡ് ബേക്കറിയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ റിഷിൽ ഏറ്റുവാങ്ങി. പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ കേരള കൗമുദി സംഘടിപ്പിച്ച ഫ്രണ്ട് റണ്ണേഴ്സ് പരിപാടിയിൽ വച്ചാണ് ഗവർണർ ആനന്ദബോസ് അവർഡ് നൽകിയത്.
ഗുണനിലവാരത്തിലും പാരമ്പര്യ രുചിപ്പെരുമയിലും കോഴിക്കോടൻ ഹൽവയിലൂടെ ലോക ശ്രദ്ധ നേടിയ ശങ്കരൻ ബേക്കറിക്ക് ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണ് കേരള കൗമുദിയുടേത്. സാമൂതിരിയുടെ മധുരത്തിന്റെ നാട്ടിലെ ഇരട്ടിമധുരത്തിന് ഗവർണറുടെ വക പാരിതോഷികവും ഗവർണർ ചടങ്ങിൽ വാഗ്ദാനം ചെയ്തു. കഴിഞ്ഞ ആറ് വർഷമായി വിഴിഞ്ഞം വെങ്ങാനൂരിലെ പൗർണമിക്കാവിൽ നിവേദ്യത്തിന് നൽകുന്ന ഹലുവയും മധുര പലഹാരങ്ങളും ശങ്കരൻ ബേക്കറിയുടെതാണ്.

കേരള കൗമുദിയുടെ നൂറ്റിപ്പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരേയും ചടങ്ങിൽ ആദരിച്ചു. കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, ചീഫ് എഡിറ്റർ ദീപു രവി, വി.കെ പ്രശാന്ത് എം.എൽ.എ, എസ്. വിമൽ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.