ദുബൈയില്‍ ചെറുവരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഹാപ്പിനസ് സിം

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ചെറു വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഹാപ്പിനസ് സിം കാര്‍ഡൊരുക്കി യു എ ഇ. ടെലികോം സേവന ദാതാക്കളായ ഡുവിന്റെ സഹായത്താലാണ് പദ്ധതി നടപ്പാക്കുന്നത്. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയമാണ് ഇതിനു പിന്നില്‍.

ബിസിനസ്സ് സര്‍വീസ് സെന്ററുകളിലോ ഗൈഡന്‍സ് സെന്ററുകളിലോ സന്ദര്‍ശിച്ച് സിം കാര്‍ഡുകള്‍ കരസ്ഥമാക്കാം. തൊഴില്‍ കരാറുകള്‍ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ എം.ഒ.എച്ച്.ആര്‍.ഇ യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിച്ചാലും സിം ലഭിക്കും.

ഇതില്‍ 6 മാസത്തെ സൗജന്യ ഡാറ്റയും അന്താരാഷ്ട്ര കോളുകള്‍ക്ക് കുറഞ്ഞ നിരക്കുമാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്. സിം ഉടമകള്‍ക്ക് MOHRE നല്‍കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും ലഭിക്കും. രാജ്യത്തെ ബ്ലൂ കോളര്‍ തൊഴിലാളികളുടെ ക്ഷേമം വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് MOHRE യുടെ എമിറേറ്റൈസേഷന്‍ കാര്യങ്ങളുടെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറിയും ലേബര്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുമായ ആയിഷ ബെല്‍ഹാര്‍ഫിയ പറഞ്ഞു. നേരത്തെ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി ദുബായിലെത്തുന്ന വിദേശികള്‍ക്ക് ഡുവിന്റെ ടൂറിസം സിംകാര്‍ഡുകള്‍ കോംപ്ലിമെന്ററിയായി നല്‍കിയിരുന്നു.