ജീവനൊടുക്കിയ ശേഷവും ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നു; ക്രൂരത തുടര്‍ന്ന് ഓണ്‍ലൈന്‍ വായ്പ ആപ്പ് സംഘം

Kerala

കൊച്ചി: ജീവനൊടുക്കിയിട്ടും ശില്പയെ വിടാതെ ഓണ്‍ലൈന്‍ ആപ്പ് സംഘം. ശില്പ മരിച്ചതിന് ശേഷവും അവരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടുമക്കളെ കൊലപ്പെടുത്തിയ ശേഷം ശില്പയും ഭര്‍ത്താവും ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയായിരുന്നു കേരളം ശ്രവിച്ചത്.

ഓണ്‍ലൈന്‍ ആപ്പ് വായ്പ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളില്‍ ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂട്ട ആത്മഹത്യയില്‍ ഓണ്‍ലൈന്‍ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരന്‍ ടിജോ പറഞ്ഞു. ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ നിന്നാണ് കോള്‍ വരുന്നത്. ലിജോയുടെയും ഭാര്യയുടെയും ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

എണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരെയായിരുന്നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങള്‍ വന്ന വിവരം അറിയുന്നത്. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലോണ്‍ അടക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തില്‍ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളില്‍ എത്തുകയും ചെയ്തിരുന്നു. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതായി അറിഞ്ഞതോടും കൂടിയാണ് യുവതിയും ഭര്‍ത്താവും കടുംകൈക്ക് മുതിര്‍ന്നതെന്നാണ് പറയുന്നത്.