അഷറഫ് ചേരാപുരം
ദുബൈ: ആരോഗ്യ സേവന മേഖലയില്‍ പുതുമ സൃഷ്ടിച്ച് യു എ ഇ പുതിയ കാലത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രോഗ ചികിത്സ മാറ്റുന്നതിന് തുടക്കം കുറിക്കുകയാണിവിടെ. രാജ്യത്തെ എല്ലാ ആശുപത്രികളും ഓണ്‍ലൈന്‍ സേവനം നിര്‍ബന്ധമാക്കാനുള്ള നടപടിയാണ് തുടങ്ങിയത്.
ആരോഗ്യ കേന്ദ്രങ്ങള്‍ ചുരുക്കം ഒരു സേവനമെങ്കിലും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. സ്വകാര്യ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം (മെഹാപ്) അറിയിച്ചു. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നടക്കുന്ന റിമോട്ട് ഫോറത്തിലാണ് ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും നിര്‍ബന്ധമായും ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിക്കണമെന്ന നിര്‍ദേശമുയര്‍ന്നത്.
മരുന്നുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, ശരീരിക മാറ്റങ്ങളുടെ നിരീക്ഷണം, റോബോട്ടിക്ക് ശസ്ത്രക്രിയ, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയവയിലാണ് ആദ്യഘട്ടത്തില്‍ വിദൂര സംവിധാനം ഏര്‍പ്പെടുത്തുക. ഈ വര്‍ഷം അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും ഇവയില്‍ ഏതെങ്കിലും ഒരെണ്ണം വിദൂര സംവിധാനത്തിലേക്ക് മാറ്റിയിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഡിജിറ്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജി വിഭാഗം മേധാവി ശൈഖ ഹസന്‍ അല്‍ മന്‍സൂരി പറഞ്ഞു. ഏത് സേവനമാണ് വിദൂര സംവിധാനത്തിലേക്ക് മാറ്റാനാവുകയെന്ന് സ്ഥാപനങ്ങള്‍ അറിയിക്കണം. നിലവില്‍ ഇത്തരം ഓണ്‍ലൈന്‍ സേവനം നല്‍കുന്നവരും ഇക്കാര്യം അറിയിക്കേണ്ടതുണ്ട്. സാങ്കേതിക സൗകര്യങ്ങള്‍ വികസിക്കുന്ന ഇക്കാലത്തും എന്തിനാണ് ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകള്‍ ആശുപത്രിയില്‍ കാത്തുനില്‍ക്കുന്നതെന്ന് ശൈഖ ഹസന്‍ മന്‍സൂരി ചോദിച്ചു.