തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രചാരണത്തിന്റെ രണ്ടാംഘട്ടമായ അടുത്ത മൂന്ന് മാസം നിര്‍ണായകമാണെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ദ്വിദിന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത മാര്‍ച്ചോടെ മാലിന്യമുക്ത സംസ്ഥാന പദവി കൈവരിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഹരിത കര്‍മ്മ സേനയുടെ (എച്ച്‌കെഎസ്) പ്രവര്‍ത്തനത്തിലൂടെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തിന്റെ പകുതിയോളം നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വീടുകളിലെത്തി നിശ്ചിത ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനൊപ്പം മാലിന്യങ്ങള്‍ വേര്‍തിരിക്കുക, ഉറവിട തലത്തില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും എച്ച്‌കെഎസ് അംഗങ്ങളെ നിയമിക്കണമെന്നും അവര്‍ വീടുകളും സ്ഥാപനങ്ങളും പതിവായി സന്ദര്‍ശിച്ച് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. എച്ച്‌കെഎസ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പ്രൊഫഷണല്‍ ടീമായി വികസിപ്പിക്കുകയും വേണം. വലിയ തോതിലുള്ള മാലിന്യ സ്രോതസ്സുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നത് സംബന്ധിച്ച് തെളിവ് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികത്തുക കൃത്യമായും കാലതാമസം കൂടാതെയും നല്കണം. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാലിന്യക്കൂമ്പാരങ്ങളില്‍ ചിലത് ഇനിയും നീക്കം ചെയ്തിട്ടില്ല എന്നത് ആശാവഹമല്ല. മാലിന്യം നീക്കം ചെയ്യുന്നതിനും കൂടുതല്‍ മാലിന്യം തള്ളാതെ വൃത്തിയായി സൂക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ ആരംഭിക്കണം. ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഫീല്‍ഡ് സന്ദര്‍ശിക്കുകയും ക്യാമറ നിരീക്ഷണം ഉറപ്പാക്കുകയും വേണം. ഒക്ടോബര്‍ 2 മുതല്‍ വിപുലമായ ശുചീകരണ യജ്ഞം ആരംഭിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ, ഇന്ത്യന്‍ സ്വച്ഛത ലീഗ് സീസണ്‍ 2 തുടങ്ങിയ കാമ്പെയ്‌നുകളെ നമ്മുടെ കാമ്പയിനിന് ആക്കം കൂട്ടാന്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പതിനാല് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സ്വച്ഛത ലീഗ് സീസണ്‍ 2 ന്റെ ലോഗോയും മന്ത്രി പുറത്തിറക്കി. എല്‍എസ് ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എല്‍എസ് ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്കം, എല്‍എസ് ജിഡി ഡയറക്ടര്‍മാരായ അലക്‌സ് വര്‍ഗീസ്, എച്ച്. ദിനേശന്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ചീഫ് എഞ്ചിനീയര്‍ സന്ദീപ് കെ.ജി, ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാര്‍ സി.പി, കെഎസ് ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്ടര്‍ ജാഫര്‍ മാലിക്, കെഎസ് ഡബ്ല്യുഎംപി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ യു വി. ജോസ്, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി. ബാലഭാസ്‌കരന്‍, ക്ലീന്‍ കേരള കമ്പനി എംഡി ജി കെ. സുരേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.