പാഠം /വി.ആര്‍.അജിത് കുമാര്‍
പ്രായമേറും തോറും ഭക്ഷണരീതികളിലും മാറ്റം വരുക സ്വാഭാവികമാണെന്നു തോന്നുന്നു. കുട്ടിക്കാലത്തൊക്കെ കറി എന്നാല്‍ മീന്‍കറിയായിരുന്നു. അതില്‍ പ്രധാനം മത്തിയും. വില കുറയും ഗുണം കൂടും. കൂട്ടിന് പറമ്പിലുണ്ടാകുന്ന ഏതെങ്കിലും പച്ചക്കറിയുമുണ്ടാകും. കടയില്‍ നിന്നും പച്ചക്കറി വാങ്ങുക അപൂര്‍വ്വം. സ്‌കൂളിലും കോളേജിലും കൊണ്ടുപോകുന്ന ഉച്ചഭക്ഷണത്തില്‍ പ്രധാനം തേങ്ങാചമ്മന്തിയും ഓംലറ്റുമായിരുന്നു.
ഹോട്ടല്‍ ഭക്ഷണം തുടങ്ങിയതോടെയാണ് ചിക്കനും മട്ടനും ബീഫും പ്രിയപ്പെട്ടതായി. അമ്പത് കഴിഞ്ഞതോടെ മാംസഭക്ഷണത്തോടുള്ള മമത അല്‍പം കുറഞ്ഞു. അവിടെയ്ക്കാണ് പനീറും കൂണും സോയയുമൊക്കെ കയറിവന്നത്. എങ്കിലും ഹോട്ടലുകളില്‍ പോകുമ്പോള്‍ മാംസാഹാരം തന്നെയാകും ആദ്യം ചിന്തയിലെത്തുക. കേരളത്തിലാണെങ്കില്‍ ഞാന്‍ ആദ്യമന്വേഷിക്കുക താറാവ് കിട്ടുമോ എന്നാണ്. അതിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ ശിവഗംഗയില്‍ താമസമായതോടെ ചെട്ടിനാട് ഭക്ഷണമാണ് കഴിക്കുന്നത്.
നല്ല രുചിയും ഗുണമേന്മയുമുള്ള വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും പാചകക്കാരന്‍ തയ്യാറാക്കും. എന്നാലും വെജിറ്റേറിയനാണ് നാവില്‍ രുചിയേറ്റുക. വെളുത്തുള്ളിയും ചെറുള്ളിയും തക്കാളിയുമെല്ലാമാണ് പ്രധാന ചേരുവകകള്‍. ഒപ്പം പുളിക്കാത്ത തൈരുമുണ്ടാകും. രാമനാഥപുരത്ത് നല്ല കൊഞ്ചും ഞണ്ടും കണവയും മീനും കിട്ടും. തല്‍കാലം ഇതെല്ലാം ഒഴിവാക്കാന്‍ കഴിയില്ലല്ലോ. അവയെല്ലാം വെജിറ്റേറിയന്‍ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇപ്പോഴത്തെ ചിന്ത.
ഇന്ത്യയില്‍ ജനസംഖ്യയിലെ എഴുപത്തിയേഴ് ശതമാനവും മിശ്രഭോജികളാണ്. കേരളത്തിലിത് തൊണ്ണൂറ്റിയഞ്ച് ശതമാനമായേക്കും. എങ്കിലും നമ്മുടെ ഭക്ഷണരീതി മറ്റ് ഏഷ്യന്‍,യൂറോപ്യന്‍,അമേരിക്കന്‍ ശൈലികളില്‍ നിന്നും വ്യത്യസ്തമാണ്. അവിടെല്ലാം മാംസകേന്ദ്രീകൃതമാണ് ഭക്ഷണരീതി. നമ്മള്‍ ശരിക്കും മിശ്രഭോജികളാണ്. ഏന്തായാലും ഈയിടെ ഒന്നുറപ്പിച്ചു. ആട്, മാട്, കോഴി ഇത്യാദികളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. ഗൗരവമായി ആലോചിച്ചെടുത്ത തീരുമാനമാണ്. മീന്‍ എപ്പോള്‍ ഉപേക്ഷിക്കും എന്നറിയില്ല. അതും സംഭവിച്ചേക്കാം. ഇത് അറുപത് കഴിഞ്ഞ എല്ലാവരുടേയും ചിന്തയാണോ അതോ എന്റെ മാത്രമോ എന്നറിയില്ല.