കേരള സമ്പദ് വ്യവസ്ഥയിലെ മരവിപ്പ് മാറ്റാം

Articles

ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍

കേരള സമ്പദ് വ്യവസ്ഥ ഇന്ന് വലിയ മരവിപ്പിലാണ്. കോവിഡിന് മുന്‍പ് തുറന്നു പ്രവര്‍ത്തിച്ചിരുന്ന നൂറു കണക്കിന് കടകളും ചെറുകിട ചായക്കടകളും ഹോട്ടലുകളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. തുറന്നു പ്രവര്‍ത്തിക്കുന്നവ തന്നെ വില്പന ഇല്ലാതെ ഏതു നിമിഷവും പൂട്ടിപ്പോകുന്ന സ്ഥിതിയിലാണ്. ഇതാണ് മിക്ക ഇടങ്ങളിലെയും സ്ഥിതി. മരവിപ്പിന്റെ മറ്റൊരു ലക്ഷണമായി ഞാന്‍ കാണുന്നത് ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലെ പണ്ടെങ്ങുമില്ലാത്ത തിരക്കാണ്. നിര്‍ഭാഗ്യശാല്‍ കേരളത്തിലെ കൊടികെട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കൊന്നും ഇതിന് പരിഹാരം നിര്‍ദേശിക്കാനാവുന്നില്ല. അടുത്തിട ഒരു ചാനല്‍ ചര്‍ച്ചയില്‍ ആസൂത്രണ ബോര്‍ഡ് അംഗമായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറഞ്ഞത് കേരള സമ്പദ് വ്യവസ്ഥ രണ്ടക്ക വളര്‍ച്ചാ നിരക്കിലാണ് എന്നാണ്. സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ ഇടയിലെ വെറും നെത്തോലി ആയ എനിക്ക് ഉള്ള പരിഹാരമാര്‍ഗ്ഗം ഇവിടെ പങ്ക് വെക്കാം.

കേരള സര്‍ക്കാര്‍ പല മേഖലകളിലായി 50,000 കോടി രൂപയുടെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുണ്ട് എന്നാണ് ഒക്ടോബര്‍ 31 ലെ മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരിന് വരവ് കൂട്ടാനോ ചെലവ് ചുരുക്കാനോ യാതൊരു മാര്‍ഗ്ഗവുമില്ല. ആദ്യരാത്രി ആഘോഷിക്കാന്‍ പോയ മര്‍മഗുരുക്കളുടെ സ്ഥിതിയിലാണ് ധനകാര്യ മന്ത്രി. അതുകൊണ്ട് അടുത്ത കാലത്തൊന്നും സര്‍ക്കാരിന് പ്രതിസന്ധി പരിഹരിക്കാന്‍ ആവില്ലെന്നുറപ്പ്. കേന്ദ്രമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് മാനവിയം സെമിനാറില്‍ പഴയ ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ചു പറഞ്ഞു. ഞാന്‍ ഒന്ന് ചോദിക്കട്ടെ.ഒരു 50,0000 കോടി ഒവയുടെ കുടിശ്ശികയുള്ളിടത്ത് കേന്ദ്രം ഉദാരമായി ഒരു 15,000 കോടി രൂപയുടെ കൂടി കടം എടുക്കാന്‍ അനുവദിച്ചാല്‍ തീരുന്നതാണോ നമ്മുടെ പ്രശ്‌നം? അങ്ങനെ ഓരോ സംസ്ഥാനത്തിനും കടം എടുക്കാന്‍ അനുവദിച്ചാല്‍ രാജ്യത്തിന്റെ ധനനില കുളം തോണ്ടില്ലേ?

തോമസ് ഐസക്ക്

പിരിക്കാമായിരുന്ന, പിരിക്കേണ്ടിയിരുന്ന നികുതി പിരിക്കേണ്ട സമയത്ത് പിരിക്കാതിരുന്നതാണ് ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം. അത് എന്റെ ‘കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായന’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1983-84 മുതല്‍ റവന്യൂ കമ്മിയിലാണ് സംസ്ഥാനം. ചെലവ് ചുരുക്കിയോ വരുമാനം കൂട്ടിയോ കമ്മി കുറക്കുന്നതിനു പകരം കടം വാങ്ങി ചെലവ് നടത്തി. അങ്ങനെ കടവും പലിശയും കൂടി. പണ്ട് പിരിക്കാമായിരുന്ന നികുതി ഒന്നിച്ചു പിരിക്കാന്‍ ഇറങ്ങിയാല്‍ ജനം തല്ലിയൊടിക്കും. വെള്ളം കയറുമ്പോള്‍ കയറി വരുന്ന മീനിനെ അപ്പോള്‍ പിടിക്കണം. പോയ മീന്‍ എന്നേക്കുമായി നഷ്ടപ്പെട്ടു. പരോക്ഷ നികുതികളാണ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാനം. അത് ഈ മീന്‍ പോലെ പിരിക്കേണ്ട സമയത്ത് പിരിച്ചില്ലെങ്കില്‍ എന്നേക്കുമായി നഷ്ടപ്പെടുകയാണ്.

മുഖ്യമായും മദ്യം, ഭാഗ്യക്കുറി, പെട്രോള്‍ എന്നിവയിലൂടെ പാവപെട്ടവരുടെയും പുറമ്പോക്കില്‍ കിടക്കുന്നവരുടെയും പോക്കറ്റുകളില്‍നിന്നും ഊറ്റിയെടുക്കുന്ന പണം തിരികെ അവരുടെ പോക്കറ്റുകളില്‍ തിരികെ എത്താതെ സമ്പദ് വ്യവസ്ഥ ഉണരുകയില്ല. കയ്യില്‍ ഉള്ളതും കടം വാങ്ങിയും വിപണിയില്‍ ചെലവാക്കുന്നവരാണ് ഇക്കൂട്ടര്‍. ഈ പണം സര്‍ക്കാര്‍ ആരുടെ പോക്കറ്റുകളില്‍ ആണ് ഇട്ടുകൊടുക്കുന്നത്? താരതമ്യേന കുറച്ചുമാത്രം വിപണിയില്‍ ചെലവാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെയും മടിയില്‍.

കെ എന്‍ ബാലഗോപാല്‍

ഈ വിടവ് എങ്ങനെ പരിഹരിക്കാം? സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കി ഉണ്ടാകുന്ന മിച്ചം ആദ്യം പറഞ്ഞ കൂട്ടരുടെ പോക്കറ്റുകളില്‍ ഇട്ടുകൊടുത്തേ ഇത് സാധിക്കുകയുള്ളു. മന്ത്രിമാരുടെയും MLA മാരുടെയും വിവിധ ബോര്‍ഡുകളിലെയും കമ്മീഷനുകളിലെയും മെമ്പര്‍മാരുടെ ശമ്പളം 35% കുറക്കാം. ഉദ്യോഗസ്ഥരിലെ 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ വേതനം വാങ്ങുന്നവരുടെ ശമ്പളം 10% വും ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം വരെ ശമ്പളം വാങ്ങുന്നവരുടെത് 15% വും1.25 ലക്ഷത്തിന് മുകളില്‍ മുകളില്‍ ശമ്പളം വാങ്ങുന്നവരുടെത് 25% വും കുറക്കാം.

ഏറ്റവും വലിയ മാറ്റം വേണ്ടത് പെന്‍ഷനിലാണ്. മൊത്തം വരുമാനത്തിന്റെ 23.06% മാണ് പെന്‍ഷന്‍ ചെലവ്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ മൂന്നും നാലും ഇരട്ടി പെന്‍ഷന്‍ ആയി വാങ്ങുന്നവരുണ്ട്. ഇത് statutory പെന്‍ഷന്‍ അല്ല, statutory ശമ്പളമാണ്. ഇത് പൊളിച്ചെഴുതാതെ കേരള ധനകാര്യം ഒരു കാലത്തും പച്ചപിടിക്കുകയില്ല. മുഴുവന്‍ statutory പെന്‍ഷന്‍കാരെയും പങ്കാളിത്ത പെന്‍ഷന് കീഴില്‍ കൊണ്ടുവരണം. സര്‍വീസില്‍ കയറിയ സമയത്ത് പങ്കാളിത്ത പെന്‍ഷന്‍ ആയിരുന്നു എങ്കില്‍ കിട്ടുമായിരുന്നു പെന്‍ഷന്‍ കണക്ക് കൂട്ടി അത് കൊടുക്കുക. ഞാന്‍ നടത്തിയ പഠനം കാണിക്കുന്നത് അങ്ങനെ ചെയ്താല്‍ പെന്‍ഷന്‍ ബാധ്യതയില്‍ മൂന്നില്‍ ഒന്നെങ്കിലും കുറവ് വരുമെന്നാണ്. ഒരുപക്ഷെ 40 ശതമാനം വരെ കുറയാം. അങ്ങനെ ഉണ്ടാകുന്ന മിച്ചം ഉപയോഗിച്ച് ക്ഷേമ പെന്‍ഷന്‍ ഇന്നത്തെ 1600 രൂപയില്‍നിന്ന് 4400 രൂപയായി വര്‍ധിപ്പിക്കാം.

വര്‍ധിപ്പിക്കുന്ന തുക എവിടെയും പോവുകയില്ല. നേരെ വിപണിയില്‍ എത്തി കച്ചവടവും കയറ്റിറക്കും വര്‍ധിപ്പിക്കും. അതോടെ പ്രാദേശികമായി ഉല്‍പാദി പ്പിക്കുന്ന ഉത്പന്നങ്ങളുടെ ഉത്പാദനം കൂടും. അങ്ങനെ സമ്പദ് വ്യവസ്ഥ ഉണരും. സര്‍ക്കാരിന്റെ നികുതി വരുമാനവും വര്‍ധിക്കും. ഇത് മാത്രമാണ് കേരളത്തിന് മുന്‍പിലുള്ള പരിഹാരം.

ഇതൊക്കെ ആര് കേള്‍ക്കാന്‍ ?…