ദുരന്ത നിവാരണത്തിന്‍റെ ആദ്യപാഠം സ്‌കൂളില്‍ നിന്നാവണം: ടീം കമാന്‍ഡര്‍ സി ഐ ദീപക് ചില്ലാര്‍

Wayanad

കല്പറ്റ: ദുരന്ത നിവാരണത്തിന്റെ ആദ്യപാഠം കുട്ടികള്‍ സ്‌കൂളില്‍ നിന്ന് തന്നെ പഠിക്കണമെന്ന് ദുരന്ത നിവാരണ സേന ടീം കമാന്‍ഡര്‍ സി ഐ ദീപക് ചില്ലാര്‍ പറഞ്ഞു. ഭാവിയില്‍ അത്യാഹിതങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ അതിനെയും അനന്തര ഫലങ്ങളേയും നേരിടാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ എം സി എഫ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട് ഡി എം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് എം സി ഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. എങ്ങിനെ തയ്യാറെടുപ്പുകള്‍ നടത്തണം എന്ന വിഷയത്തിലായിരുന്നു പരിശീലനം. കോണ്‍സ്റ്റബിള്‍ ജി ഡി മാരായ വിപിന്‍ മോഹനും വൈശാഖും ക്ലാസ് എടുത്തു. രഞ്ജിത്തും അജേഷും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ നീതു ജെ ജെ. മാനേജര്‍ ഡോ. മുസ്തഫ ഫാറൂഖി, ഹെഡ്മിസ്‌ട്രെസ് സുനിത ശ്രീനിവാസ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.